‘അഖില കലോപാസക ക്ഷേമസഭ’; 10 വയസ്സിന്റെ നിറവിൽ
text_fieldsകോവിഡ് വ്യാപനത്തോടെ തൊഴിലില്ലാതായ കലാകാരന്മാരുടെ കുടുംബങ്ങൾക്ക് അഖിലയുടെ പ്രവർത്തകർ ധാന്യ, സാമ്പത്തിക സഹായത്തിന് ഒരുക്കം
നടത്തുന്നു (ഫയൽ ചിത്രം)
അരൂർ: പണ്ടുമുതലേ കലാകാരന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു എഴുപുന്ന ഗ്രാമം. ലോകോത്തര കലാകാരന്മാരായി അറിയപ്പെടുന്ന ഒട്ടേറെ പേർ ഇവിടെയുണ്ട്. ചിത്രകാരന്മാർ, ശിൽപികൾ, സിനിമ പ്രവർത്തകർ, സംഗീതജ്ഞർ, പാട്ടെഴുത്തുകാർ, ഗായകർ, സംഗീതോപകരണ വിദ്വാന്മാർ തുടങ്ങി കലയുടെ സമസ്ത മേഖലയിലും വ്യാപരിക്കുന്നവർ വാഴുന്നിടം കൂടിയാണിത്.
എഴുപുന്നയെ കലാഗ്രാമമായി അംഗീകാരം നേടാൻ ഒട്ടേറെ പരിശ്രമങ്ങൾ നടന്നു. അതിന്റെ കൂടി ഭാഗമായി കലാകാരന്മാരുടെ കൂട്ടായ്മ 10 വർഷം മുമ്പ് രൂപവത്കരിക്കപ്പെട്ടു. അതിന്റെ പേരാണ് ‘അഖില കലോപാസക ക്ഷേമസഭ’. ശനിയാഴ്ച സംഘടനയുടെ പത്താം വാർഷികം എരമല്ലൂരിൽ നടത്തി. 2015 ചിങ്ങം ഒന്നിനാണ് സംഘടനക്ക് രൂപംനൽകിയത്. 12 മാസത്തെ പ്രതിനിധാനം ചെയ്ത് 12 കലാകാരന്മാരുടെ എക്സിക്യൂട്ടിവ് കമ്മിറ്റി സംഘത്തിന് നേതൃത്വം നൽകി.
എം.എ. അമ്മിണിക്കുട്ടൻ, എൻ.പി. ദയാനന്ദൻ, കെ.എക്സ്. സെബാസ്റ്റ്യൻ, എം.ജി. ഷാജി, കെ.എസ്. സുനിൽകുമാർ, മനോജ് ശശി, ജോയി കണ്ടംകുളം, വിനോദ് കുമാർ, പി.ജി. ശ്രീവത്സൻ, എം.വി. ഷെല്ലി, കെ.ആർ. ബാബു, ആർ. വേണു എന്നിവരായിരുന്നു അവർ.
സകല കലകളെയും ഉപാസിക്കുന്നവരുടെ ക്ഷേമത്തിനായുള്ള സഭ എന്ന അർഥത്തിലാണ് കൂട്ടായ്മയ്ക്ക് ‘അഖില കലോപാസക ക്ഷേമസഭ’ എന്ന് നാമകരണം ചെയ്തത്. ഓരോ അംഗങ്ങളും 50 രൂപവീതം നിക്ഷേപിച്ചു. അംഗങ്ങൾക്ക് സുഖമില്ലാതെ വന്നാൽ, കലാപ്രവർത്തനത്തിന് പോകാൻ കഴിയാതായാൽ കൂട്ടായ്മയുടെ സമ്പാദ്യംകൊണ്ട് സഹായിക്കും.
അധിക വരുമാനത്തിന് സംഗീതം, വാദ്യോപകരണങ്ങൾ, നൃത്തം, ചിത്രകല തുടങ്ങിയവ പരിശീലിപ്പിക്കാൻ പഠനകേന്ദ്രം തുടങ്ങി. നാട്ടുകാരിൽ ചിലർ ചെറിയ വാടകക്ക് പഠന കേന്ദ്രത്തിനായി വീടുതന്നെ വിട്ടുനൽകി.
ശനിയും ഞായറുമാണ് പഠനദിനങ്ങൾ. വരുമാനത്തിന്റെ പകുതിയും സംഘടനക്ക് മുതൽക്കൂട്ടായി. പകുതി പരിശീലകർ പങ്കിട്ടെടുത്തു. എഴുപുന്ന നീണ്ടകരയിൽ കരൾ രോഗം ബാധിച്ച യുവാവിന്റെ ചികിത്സക്ക് ധനസമാഹരണത്തിന് സംഘം കലാപ്രകടനം നടത്തി. 12 പേരിൽ തുടങ്ങിയ സംഘത്തിൽ ഇപ്പോൾ 40ഓളം കലാകാരന്മാർ ഉണ്ട്.
ചാരിറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത സംഘടന വാർഷികാഘോഷങ്ങൾ നടത്താതിരുന്നത് കോവിഡ് വ്യാപന സമയത്തും വയനാട് ദുരന്ത സമയത്തും മാത്രമാണ്. ആഘോഷങ്ങൾക്കായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസത്തിന് സംഭാവന ചെയ്തു. ഇത്തവണത്തെ വാർഷികം ആഘോഷമായി 13ന് നടത്തി. മനോജ് ശശി, ആർ. വേണു എന്നിവരാണ് ഭാരവാഹികൾ.


