അരൂർ ജനതയുടെ ദാഹജലത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പരിഹാരമില്ല
text_fieldsഅരൂരിലെ തീരമേഖലയിലെ കുടിവെള്ള സമരം (ഫയൽചിത്രം)
അരൂർ: അരൂർ നിയോജകമണ്ഡലത്തിലെ വികസന പ്രശ്നങ്ങളിൽ മുഖ്യമാണ് ഇന്നും കുടിവെള്ളം. കടലും കായലുകളും അതിരിടുന്ന 10 പഞ്ചായത്തുകളാണ് അരൂർ മണ്ഡലത്തിലുള്ളത്. ഇതിൽ അരൂർ, എഴുപുന്ന പഞ്ചായത്തുകളിലുള്ളവരുടെ കുടിവെള്ളത്തിനായുള്ള മുറവിളി പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ്. ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ചെമ്മീൻ വ്യവസായം വ്യാപിച്ചതോടെ കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകുകയും കുടിവെള്ളത്തിന് മറ്റു വഴികൾതേടേണ്ടി വരുകയും ചെയ്ത പഞ്ചായത്തുകളാണിവ. ജപ്പാൻ കുടിവെള്ള പദ്ധതി, ജൽ ജീവൻ പദ്ധതി തുടങ്ങിയവ നടപ്പാക്കിയെങ്കിലും ഇപ്പോഴും ശുദ്ധമായ കുടിവെള്ളം പലയിടത്തും ലഭ്യമല്ല.
തുടരെത്തുടരെയുള്ള പൈപ്പ് പൊട്ടൽ പ്രധാന തടസ്സം
അരൂർ മുതൽ തുറവൂർ വരെയുള്ള പഞ്ചായത്തുകളിൽ കുടിവെള്ളം തുടർച്ചയായി ലഭിക്കാത്തതിന് ഇപ്പോഴത്തെ കാരണം ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഇടക്കിടെ ഉണ്ടാകുന്ന പൈപ്പ് പൊട്ടലാണ്. എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ മൂന്നു നാലു ദിവസം കുടിവെള്ളം മുടങ്ങും. ഇത് ഒഴിവാക്കാൻ അതോറിറ്റിയുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവുന്നില്ലെന്ന പരാതി ശക്തമാണ്.
പൈപ്പ് ലൈൻ പോകുന്ന സ്ഥലങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ അതോറിറ്റിയെ അറിയിക്കണമെന്നതാണ് വ്യവസ്ഥ. ഇത് പാലിക്കപ്പെടാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനെതിരെ ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. കുടിവെള്ള പൈപ്പ് പൊട്ടുന്നതിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കാണാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാത 66 തുറവൂർ മുതൽ അരൂർ വരെ നിലവിലെ ജി.ആർ.പി പൈപ്പ് മാറ്റി ഡി.ഐ പൈപ്പ് സ്ഥാപിക്കണമെന്നാണ് ആവശ്യം. നിലവിൽ സ്ഥാപിക്കപ്പെട്ട ജി.ആർ.പി പൈപ്പുകളെക്കാൾ ഗുണമേന്മയുള്ള ഡി.ഐ പൈപ്പുകൾ സ്ഥാപിക്കണമെന്ന് ജല അതോറിറ്റി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി 13 കോടി രൂപയുടെ എസ്റ്റിമേറ്റും 2024 മാര്ച്ചില് നൽകിയിരുന്നു.
ഈ പ്രവൃത്തി ഉൾപ്പെടുത്താമെന്ന വാക്കാലുള്ള മറുപടി നൽകിയതല്ലാതെ ദേശീയപാത അതോറിറ്റി നടപടിയെടുത്തില്ല. ആയതിനാൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഇതിന് ഉണ്ടാവണമെന്ന് സി.പി.എമ്മുകാരായ ജനപ്രതിനിധികൾ ആവശ്യപ്പെട്ടത് അംഗീകരിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. അല്ലെങ്കിൽ ഉയരപ്പാത നിർമാണ സമയത്തും ശേഷവും പൈപ്പ് പൊട്ടൽ തുടർന്നുകൊണ്ടിരിക്കും.
തീരമേഖലയിൽ കുടിവെള്ളമില്ല
അരൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ജലസംഭരണികൾ സ്ഥാപിക്കാൻ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. തുറവൂർ പഞ്ചായത്തിൽ ജലസംഭരണി നിർമിച്ചിട്ടില്ല. കുത്തിയതോട് പഞ്ചായത്തിൽ നിർമിച്ച വാട്ടർ ടാങ്കിൽനിന്നാണ് തുറവൂരിലേക്കും വെള്ളം നൽകുന്നത്. രണ്ടുദിവസം വീതം ഇരുപഞ്ചായത്തുകൾക്കും വെള്ളം നൽകുന്നതാണ് പതിവ്. സ്ഥലം കണ്ടെത്തി തുറവൂർ പഞ്ചായത്തിൽ കുടിവെള്ള സംഭരണി നിർമിച്ചാൽ കടലോര പ്രദേശങ്ങളിലെയും കായലോരത്തെയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയും. വെള്ളം കിട്ടാത്തത് പള്ളിത്തോട് ഭാഗത്ത് നിരന്തര സമരത്തിനും പ്രതിഷേധത്തിനും കാരണമാകുന്നു.
അനധികൃതമായി ജലമൂറ്റുന്നത് തടയാൻ ജല അതോറിറ്റിക്ക് കഴിയാത്തതും പ്രശ്നമാകുന്നു. പൈപ്പുകളിൽനിന്നും ജലമൂറ്റൽ തീരപ്രദേശങ്ങളിൽ വ്യാപകമാകുന്നുണ്ടെന്ന് പരാതിയുണ്ട്. ജല അതോറിറ്റിയുടെ വിജിലൻസ് വിഭാഗം കുറേക്കൂടി ജാഗ്രത കാണിച്ചാൽ ജലമൂറ്റൽ സംഘത്തെ പിടികൂടാൻ കഴിയും. ജലമൂറ്റുന്നതോടെ പൈപ്പിൽ നിറയുന്ന വായു വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമാവും. എവിടെയെങ്കിലും പൈപ്പ് പൊട്ടി വായു ഒഴിവായാൽ മാത്രമേ, ജലവിതരണം സാധ്യമാകൂ എന്നാണ് അധികൃതർ പറയുന്നത്. ഇതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ജനങ്ങളുടെ കൂടി സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.
കുളങ്ങൾ, പാടങ്ങൾ, നീർച്ചാലുകൾ, തോടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയവ നിലനിർത്താനും സംരക്ഷിക്കാനും ത്രിതല പഞ്ചായത്തുകൾക്ക് വ്യക്തമായ കാഴ്ചപ്പാടും പദ്ധതിയും വേണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
പ്രതിസന്ധികൾ, പ്രശ്നങ്ങൾ
അരൂർ പഞ്ചായത്തിൽ മാത്രം 26 ലക്ഷം ലിറ്റർ വെള്ളത്തിന്റെ ജലസംഭരണിയാണ് സ്ഥാപിച്ചിട്ടുള്ളത്. സമാനമായ ജലസംഭരണികളാണ് എല്ലാ പഞ്ചായത്തുകളിലും നിർമിച്ചിട്ടുള്ളത്. ഇടതടവില്ലാതെ മൂന്ന് മോട്ടോറുകൾ വഴി മാക്കേക്കടവിലെ ശുചീകരണ പ്ലാന്റിൽ പമ്പിങ് നടക്കുന്നുണ്ട്. ജലസംഭരണി നിറഞ്ഞാൽ മാത്രമേ എല്ലാ ഭാഗത്തേക്കുമുള്ള പൈപ്പുകൾ വഴി എല്ലാവീട്ടിലും ജലം എത്തുകയുള്ളൂ.
രാത്രി 10ന് പമ്പിങ് ആരംഭിച്ചാൽ രാവിലെ 6.30നേ പൈപ്പ് തുറക്കാൻ കഴിയുകയുള്ളൂ. ഭൂമിയുടെ ഗ്രാവിറ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ തീരമേഖലകളിൽ ഉൾപ്പെടെ കുടിവെള്ളം എത്തുകയുള്ളൂ. ടാങ്ക് മുഴുവൻ സമയവും നിറഞ്ഞുകിടന്നാലെ വെള്ളം എല്ലാ ഭാഗത്തേക്കും ഒഴുകി എത്തുകയുള്ളൂ. വാട്ടർ ടാങ്കുകൾ നിറഞ്ഞു കവിയാതിരിക്കാൻ ജീവനക്കാരെ ജല അതോറിറ്റി നിയമിക്കേണ്ടിവരും. പൈപ്പ് പൊട്ടൽ ഉൾപ്പെടെയുള്ള പരാതികൾ പറയാനും ജീവനക്കാരെ ജലസംഭരണിക്കടുത്ത് നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.