അരൂര്‍-തുറവൂര്‍ ഉയരപ്പാത: നിർമാണം പാതി പിന്നിട്ടു
text_fieldsഉയരപ്പാത നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നു. പാതയുടെ മുകൾത്തട്ട് കോൺക്രീറ്റ് ചെയ്യുന്ന ദൃശ്യം
അരൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം 60 ശതമാനം പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. മൂന്നുവര്‍ഷ കാലയളവില്‍ നിർമാണം ആരംഭിച്ചതാണിത്. ഒരുവര്‍ഷം മാത്രം കാലാവധി ശേഷിക്കേ നിര്‍മാണം അതിവേഗം പരോഗമിക്കുകയാണ്. 12.75 കിലോമീറ്റര്‍ നീളത്തിലുള്ള പാതക്കായുള്ള 354 തൂണുകള്‍ പൂര്‍ത്തിയായി. തൂണുകള്‍ക്ക് മുകളില്‍ 24 മീറ്റര്‍ വീതിയുള്ള ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്.
അരൂര്‍ മുതല്‍ തുറവൂര്‍ വരെ അഞ്ച് റീച്ചുകളിലായാണ് ജോലി പുരോഗമിക്കുന്നത്. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂര്‍, അരൂര്‍ റീച്ചുകളിലായി 5.4 കിലോമീറ്ററില്‍ ഉയരപ്പാതയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഈ ഭാഗങ്ങളില്‍ പാതയുടെ കൈവരികളുടെ നിര്‍മാണമാണ് ഇപ്പോൾ നടക്കുന്നത്.
എരമല്ലൂരിന് തെക്കുഭാഗത്ത് നിര്‍മിക്കുന്ന ടോള്‍ ഗേറ്റ്, കുത്തിയതോട്, ചന്തിരൂര്‍, അരൂര്‍, തുറവൂര്‍ എന്നിവിടങ്ങളിലെ റാമ്പിന്റെ നിര്‍മാണവും തകൃതിയാണ്. റാമ്പുകള്ക്കായി 14 തൂണുകള്‍ മാത്രമാണ് ഇനി നിര്‍മിക്കാനുള്ളത്. ഉയരപ്പാത നിർമാണത്തിനൊപ്പം താഴെ നിലവിലെ ദേശീയപാതയില്‍ കാനയടക്കമുള്ള പ്രവൃത്തികളും നടന്നുണ്ട്.
മഴക്കാലത്തിന് മുമ്പ് ദേശീയപാതയിലെ കാന നിർമാണം പൂർത്തീകരിക്കാനാണ് കരാര്‍ കമ്പിനി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂരത്തില്‍ കാന നിർമിക്കുന്നതിന് പകരം ഇടക്കിടെ വാർഡുകളിലെ ചെറുതോടുകളിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യം ഒരുക്കണമെന്ന കമ്പിനി ആവശ്യത്തോട് തദ്ദേശ സ്ഥാപനങ്ങള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നറിയുന്നു.
മഴക്കാലത്ത് ഉയരപ്പാതയുടെ മുകളില്‍നിന്നുള്ള പെയ്ത്തുവെള്ളം ഒഴുക്കിവിടാൻ മീഡിയനിൽനിന്നും പാത മുറിച്ച് നാലുവരിപ്പാതയുടെ ഇരുവശത്തും നിര്‍മിക്കുന്ന കാനയിലേക്ക് ബന്ധിപ്പിക്കാൻ ഡി.ഐ പൈപ്പും എത്തിച്ചു തുടങ്ങിയിട്ടുണ്ട്.