അരൂർ-തുറവൂർ ഉയരപ്പാത അടുത്തവർഷം! 2026 ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാക്കേണ്ടത്
text_fieldsഅരൂർ-തുറവൂർ ഉയരപ്പാത നിർമാണം
അരൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ പരമാവധി പണികൾ അടുത്തവർഷം മഴക്കാലമെത്തും മുമ്പ് പൂർത്തീകരിക്കാൻ നിർമാണ കമ്പനിയുടെ ശ്രമം. ഉയരപ്പാതയുടെ അരൂർ ഭാഗത്തുള്ള പണികളാണ് ഇനിയും നടക്കാനുള്ളത്. അരൂർ ക്ഷേത്രം വരെ ഗാർഡറുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ ധൃതിയിൽ നടത്തുന്നത്. ക്രെയിൻ ഉപയോഗിച്ച് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. ഇനി 15 വരെ ഗതാഗതനിയന്ത്രണം ഉണ്ടാകും. തുറവൂരിൽ ഉയരപ്പാതയുടെ 353 ഉം 354 തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. 80 ടൺ ഭാരവും 32 മീറ്റർ നീളത്തിലുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം. സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. എന്നാൽ, തുറവൂരിൽനിന്ന് കുത്തിയതോട് വരെയുള്ള ഭാഗത്ത് സഞ്ചരിക്കുന്ന ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ ഗർഡറുകൾ സ്ഥാപിച്ചു.
രണ്ട് തൂണുകൾ തമ്മിൽ ബന്ധപ്പെടുത്താൻ മാത്രം ലോഞ്ചിങ് ഗാൻട്രി സ്ഥാപിച്ച് കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് 280 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറുകൾ സ്ഥാപിക്കുന്നത്. തൂണുകളെ ബന്ധിപ്പിക്കുന്നത് ഏഴ് കോൺക്രീറ്റ് ഗർഡറുകളാണ്. ചേർത്തല പുത്തൻചന്ത എന്നിവിടങ്ങളിലുള്ള യാഡുകളിൽ നിർമിച്ച് കോൺക്രീറ്റ് ഗർഡറുകൾ പുള്ളിങ് ട്രെയ്ലറുകളുടെ സഹായത്തോടെയാണ് അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ എത്തിക്കുന്നത്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെ കോൺക്രീറ്റ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. ഒമ്പത് മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായി. ഇനി റാംപുകളുടെയും ഉയരപ്പാതയ്ക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസക്കായുള്ള തൂണുകളും നിർമിക്കണം.
ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റിങ്ങും നടക്കുന്നുണ്ട്. നിർമാണത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളും നീക്കം ചെയ്തുതുടങ്ങി. തൂണിനോട് ചേർന്ന് മീഡിയനുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി അവസാനത്തോടെ ഉയരപ്പാത നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ.