അരൂർ-തുറവൂർ ഉയരപ്പാത; കാന നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsകാന നിർമാണത്തിന് വേണ്ടി ദേശീയപാതയുടെ
വശങ്ങളിൽ കുഴിയെടുക്കുന്നു
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ ഇരുഭാഗത്തെയും കാന നിർമാണം അനിശ്ചിതത്വത്തിൽ. റോഡരികിൽ ഉണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റി കാന നിർമാണം തുടങ്ങിയെങ്കിലും പഞ്ചായത്തുകളുമായി വ്യക്തമായ ധാരണ ഉണ്ടാകാത്തതിനെ തുടർന്ന് നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.
അരൂർ മുതൽ തുറവൂർവരെ ഉയരപ്പാതയുടെ നീളം 12.75 കിലോമീറ്ററാണ്. ഉയരപ്പാതയിൽ പെയ്യുന്ന മഴവെള്ളം, പൈപ്പ് മാർഗം ദേശീയപാതയുടെ ഇരുവശത്തും നിർമിക്കുന്ന കാനകളിൽ എത്തിച്ചേരും. രണ്ടര മീറ്റർ വീതിയിലും മൂന്നു മീറ്റർ ആഴത്തിലുമാണ് കാന നിർമാണം നടത്തുന്നത്. മഴ കടുക്കുമ്പോൾ ഉയരപ്പാതയിലെ പെയ്തുവെള്ളം കാനയിൽ അധികമായി വരുന്നത് പൊതുതോടുകളിലേക്കും ഇടത്തോടുകളിലേക്കും ഒഴുക്കി വിടുന്നതിന് പഞ്ചായത്തുകളും ദേശീയപാത വിഭാഗവുമായി ധാരണയാകാത്തതാണ് കാനനിർമാണത്തിന് തടസ്സമാകുന്നത്.
തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളുടെ പരിധിയിലൂടെയാണ് ഉയരപ്പാത കടന്നുപോകുന്നത്. അരൂർ പഞ്ചായത്തിലൂടെയാണ് പകുതി ദൂരം ദേശീയപാത കടന്നുപോകുന്നത്. പ്രശ്നപരിഹാരത്തിന് ഒന്നിലധികം തവണ പഞ്ചായത്തുകളുമായി ചർച്ച നടത്തിയെന്നാണ് കമ്പനി അധികൃതർ പറയുന്നത്. കാന നിർമിക്കാൻ 15 കോടിവക കൊള്ളിച്ചിട്ടുണ്ട്. 150 മീറ്റർനീളത്തിൽ ഇടവിട്ട് പഞ്ചായത്തുകളുടെ പരിധിയിലുള്ള തോടുകളിലേക്ക് വെള്ളം ഒഴുക്കിവിടാൻ പൈപ്പുകൾ പഞ്ചായത്ത് റോഡുകൾവഴി സ്ഥാപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
റോഡുകൾ പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അനുവാദം നൽകിയാൽ ഉയരാൻ സാധ്യതയുള്ള ബഹുജനരോഷമാണ് പഞ്ചായത്തുകളെ പിന്നോട്ടടിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം പറയാതെ പഞ്ചായത്തുകൾ കുഴയുകയാണ്.
പൈപ്പിടാൻ സമ്മതം നൽകിയാൽ മാത്രമേ കാന നിർമാണത്തിന്റെ പ്രയോജനം പഞ്ചായത്തുകൾക്ക് ലഭിക്കുകയുള്ളൂവെന്നാണ് ഉയരപ്പാത നിർമാണം കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
അരൂർ മുതൽ തുറവൂർവരെയുള്ള ദേശീയപാത മറികടന്നുപോകുന്ന പ്രധാനപ്പെട്ട വലിയ തോടുകൾ കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിൽ മാത്രമാണുള്ളത്.
ഉയരപ്പാത ആരംഭിക്കുന്ന അരൂർ ബൈപാസിന് സമീപമുള്ള കൈതപ്പുഴ കായലിലേക്കും കാനയിലൂടെ എത്തുന്ന വെള്ളം ഒഴുക്കിവിടാൻ നിലവിൽ സൗകര്യമുണ്ട്. ഈ സൗകര്യങ്ങൾ വെള്ളമൊഴുകി പോകാൻ പോരാതെ വരുമെന്നാണ് കമ്പനി പറയുന്നത്.
കാലവർഷം തുടങ്ങുന്നതോടെ വെള്ളക്കെട്ടിന് സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ദലീമ ജോജോ എം.എൽ.എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടന്നിരുന്നു. എന്നാൽ, അന്തിമ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. വ്യക്തമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കാനമാത്രം നിർമിച്ച് കരാർ കമ്പനി മടങ്ങും. പിന്നീടുണ്ടാകുന്ന വെള്ളക്കെട്ടും പ്രശ്നങ്ങളും പഞ്ചായത്തുകൾ സ്വന്തം നിലയിൽ നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാന നിർമാണം ഏറ്റവും പ്രശ്നം അരൂരിൽ
ഉയരപ്പാതയുടെ ആകെയുള്ള നീളത്തിൽ പകുതിയും കടന്നുപോകുന്നത് അരൂർ പഞ്ചായത്തിലൂടെയാണ്. അരൂർ മുതൽ തുറവൂർവരെ 13 കിലോമീറ്റർ ഉയരപ്പാതയിൽ ആറുകിലോമീറ്ററോളം ബൈപാസ് മുതൽ കൊച്ചുവെളി കവല വരെയാണ്. ചെറുമഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെടുന്ന നിരവധി പ്രദേശങ്ങൾ അരൂർ മേഖലയിലുണ്ട്. അരൂർ പെട്രോൾ പമ്പ്, അരൂർ ക്ഷേത്രം, അരൂർ പള്ളി പ്രദേശങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ദേശീയപാതക്കരികിൽ കിഴക്കുഭാഗത്ത് അരൂർ ക്ഷേത്രം മുതൽ അരൂർ ബൈപാസിനടുത്തുള്ള കൈതപ്പുഴ കായൽവരെ വർഷങ്ങൾക്കു മുമ്പ് ദേശീയപാത അതോറിറ്റി കാന നിർമിച്ചിരുന്നു. ഇതിന്റെ നിർമാണപ്പിഴവുമൂലം വെള്ളം ശരിയായ നിലയിൽ ഒഴുകി പോയിരുന്നില്ല. അരൂർ ക്ഷേത്രം കവല ഒറ്റമഴയിൽ തന്നെ വെള്ളത്തിലാകുന്ന സ്ഥിതിയുണ്ട്.
റോഡുകൾ പൊളിക്കാതെ ദേശീയപാതയിൽനിന്ന് തോടുകളിലേക്ക് വെള്ളം ഒഴുക്കി വിടാൻ സൗകര്യമുണ്ടാക്കുന്നത് പ്രയോജനപ്രദമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കമ്പനിയുടെ എൻജിനീയറിങ് വിഭാഗവും പഞ്ചായത്ത് മെംബർമാരും സംയുക്തമായി കമ്മിറ്റി രൂപവത്കരിക്കണമെന്ന ആവശ്യവുമുയരുന്നു. തോടുകൾ കണ്ടുപിടിച്ച് പ്രശ്നപരിഹാരത്തിന് വഴിയുണ്ടാക്കാൻ കമ്മിറ്റിക്ക് കഴിയുമെന്ന് പഞ്ചായത്ത് അംഗം ഇ.വി. തിലകൻ പറഞ്ഞു. ഉയരപ്പാത നിർമാണത്തിന് ശേഷം അരൂരിൽ അപകടകരമായ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഇപ്പോൾതന്നെ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.