വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവ്
text_fieldsഅരൂർ: വീട്ടമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും ഒരു മാസം സാധാരണ തടവും 35,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ തുക കേസിലെ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകണം. ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ലക്ഷ്മി.എസ് ആണ് ശിക്ഷ വിധിച്ചത്. അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിൻ കോർപ്പറേഷൻ പതിനേഴാം ഡിവിഷനിൽ കലൂർ, കളരിക്കൽ വീട്ടിൽ നിന്നും അരൂർ പഞ്ചായത്ത് പത്താം വാർഡിൽ നെടുവിൽ നികർത്തിൽ വീട്ടിൽ പണയത്തിന് താമസിക്കുന്ന മനാഫ് (35) നെയാണ് ശിക്ഷിച്ചത്.
ഏപ്രിൽ 23 ന് പകൽ 12 ന് ചന്തിരൂർ ആശ്രമം റോഡിലുള്ള അരൂർ മഹൽ യൂനിയൻ ആഡിറ്റോറിയത്തിന് സമീപം വെച്ച് അരൂർ സ്വദേശിനിയായ ബീന ഓടിച്ചു വന്ന സ്കൂട്ടർ തടഞ്ഞുനിർത്തി മനാഫ് വാക്കത്തി കൊണ്ട് വലതു കഴുത്തിൽ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.അരൂർ എസ്.ഐ ആയിരുന്ന കെ. എൻ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. രാധാകൃഷ്ണൻ ഹാജരായി. എസ്.ഐ എം.പി. ബിജു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.