അരൂക്കുറ്റി പാദുവാപുരം പള്ളി തിരുനാൾ, വട്ടക്കേരി ക്ഷേത്രോത്സവം; തീർഥാടകർക്ക് താണ്ടാനുള്ളത് കല്ലും മുള്ളും നിറഞ്ഞ വഴി
text_fieldsഅരൂക്കുറ്റി പാദുവാപുരം പള്ളിയിലേക്കുള്ള റോഡും വട്ടക്കേരി എൻ.ആർ.ഇ.പി റോഡും തകർന്ന നിലയിൽ
അരൂർ: പ്രധാന ദേവാലയ ഉത്സവങ്ങൾ പടിവാതിലിൽ എത്തിനിൽക്കെ തീർഥാടകർക്ക് സഞ്ചരിക്കാനുള്ള റോഡ് തകർച്ചയിൽതന്നെ. അരൂക്കുറ്റി പാദുവാപുരം പള്ളിയിലെ തിരുനാളാഘോഷങ്ങൾക്ക് ഫെബ്രുവരി ആദ്യം തുടക്കം കുറിക്കും. അരൂരിലെ ചരിത്രപ്രസിദ്ധമായ വട്ടക്കേരി ക്ഷേത്രോത്സവം മാർച്ച് ആദ്യം ആരംഭിക്കും. രണ്ടു ദേവാലയങ്ങളിലും മറ്റു ദേശങ്ങളിൽനിന്നുപോലും ആയിരങ്ങൾ ഒഴുകിയെത്തും. എന്നാൽ, ദേവാലയങ്ങളിലേക്ക് എത്താനുള്ള പ്രധാന റോഡുകൾ നാശത്തിലാണ്.
അരൂർ - അരൂക്കുറ്റി പാലത്തിനരികിലൂടെ തെക്കോട്ടുള്ള ടാറിട്ട റോഡാണ് പാദുവാപുരം പള്ളി വരെ എത്തുന്നത്. ഒന്നര കിലോമീറ്ററോളം നീളമുള്ള റോഡ് മൂന്നുവർഷമായി തകർന്നുകിടക്കുകയാണ്. രണ്ടു വാർഡുകളിലൂടെ കടന്നുവരുന്ന റോഡിനരികെ അരൂക്കുറ്റി ഗവ. ആശുപത്രിയുണ്ട്. രോഗികളുമായി ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ആടിയും ഉലഞ്ഞുമാണ് എത്തുന്നത്.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് അധികാരികളെയും എം.എൽ.എയെയും വിശ്വാസികൾ സമീപിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്ക് മുമ്പ് റോഡിലെ വലിയ കുഴികൾ എങ്കിലും അടയ്ക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം. അരൂർ വട്ടക്കേരി ക്ഷേത്രം വരെയെത്തുന്ന എൻ.ആർ.ഐ.പി റോഡ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുന്ന മാർച്ചിനു മുമ്പ് പുനർ നിർമിക്കണമെന്നാണ് അരൂർ നിവാസികളുടെ ആവശ്യം. അരൂരിലെ ഏറ്റവും പുരാതന ക്ഷേത്രമായ വട്ടക്കേരിയിലെ ഗരുഡ വാഹന എഴുന്നള്ളിപ്പുകൾ രണ്ടു വർഷമായി ഈ റോഡിലൂടെയാണ് കടന്നുവരുന്നത്.
പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന അരൂക്കുറ്റി ഫെറി റോഡിൽനിന്ന് വട്ടക്കേരി പ്രദേശം വരെ നീളുന്ന എൻ.ആർ.ഇ.പി റോഡ് കുണ്ടും കുഴിയുമായി മാറിയിട്ട് വർഷങ്ങളായി.
റോഡിന്റെ പുനർനിർമാണത്തിന് കോടികൾ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ ഉടൻ നടക്കുമെന്നും പഞ്ചായത്ത് അധികാരികൾ പറയുന്നു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് റോഡ് പുനർ നിർമിക്കുന്നത്. താൽക്കാലിക അറ്റകുറ്റപ്പണികൾ ഉടൻ നടത്തിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് ജനകീയ സമിതി മുന്നറിയിപ്പ് നൽകുന്നു.


