കൈതപ്പുഴ കായൽ നിറംമാറുന്നു; രാസമാലിന്യമെന്ന് സൂചന
text_fieldsഅരൂരിൽ നിറംമാറുന്ന കൈതപ്പുഴകായൽ
അരൂർ: കൈതപ്പുഴ കായലിന്റെ നിറം മാറുന്നത് ആശങ്കക്കിടയാക്കുന്നു. അരൂർ, കുമ്പളം, കുമ്പളങ്ങി, പനങ്ങാട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മത്സ്യം തേടിയെത്തുന്ന കായലാണിത്. അരൂർ-ഇടക്കൊച്ചി പാലത്തിലെ യാത്രക്കാരാണ് കായലിന്റെ നിറം മാറ്റം ശ്രദ്ധിച്ചത്.
നിരവധി വ്യവസായസ്ഥാപനങ്ങളുടെ സമീപത്താണ് കൈതപ്പുഴ കായൽ. ഈ വ്യവസായ കേന്ദ്രത്തിലെ കമ്പനികളിൽനിന്നുള്ള രാസമാലിന്യം കായലിൽ തള്ളുന്നതാണ് നിറം മാറ്റത്തിന് കാരണമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അരൂർ-ഇടക്കൊച്ചി പാലത്തിൽ രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യം തള്ളുന്നത് പതിവാണ്. വർഷങ്ങൾക്ക് മുമ്പ് അരൂർ പൊലീസ് സ്റ്റേഷൻ പാലത്തിന് സമീപത്താണ് പ്രവർത്തിച്ചിരുന്നത്. ഈ സമയത്ത് മാലിന്യം തള്ളൽ കുറഞ്ഞിരുന്നു. എന്നാൽ, പൊലീസ് സ്റ്റേഷൻ ചന്തിരൂരിലേക്ക് മാറ്റിയതോടെ പാലം മാലിന്യം തള്ളുന്നവരുടെ താവളമായി മാറി. ശുചിമുറി മാലിന്യം വരെ തള്ളുന്നത് ഇവിടെ പതിവാണ്. നിരീക്ഷണകാമറകൾ സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ പദ്ധതി കടലാസിൽ ഒതുങ്ങിയത് മാലിന്യം തള്ളുന്നവർക്ക് തുണയായി.
വായുവും മലിനം
ഇൻഡസ്ട്രിയൽ ഏരിയയിലെ മത്സ്യത്തൊഴിലാളികളും കയറ്റിറക്ക് തൊഴിലാളികളും മുക്കം പ്രോജക്ട് കോളനികളിൽ താമസിക്കുന്നവരും ശ്വസിക്കുന്നത് രാസമാലിന്യം കലർന്ന വായുവാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തെക്കുറിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുർഗന്ധം സഹിക്കാനാകാതെ ജനം
പാലത്തിലൂടെ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നവർ ദുർഗന്ധം സഹിക്കാൻ കഴിയാതെ മൂക്കുപൊത്തിയാണ് പോകുന്നത്. വൈകുന്നേരങ്ങളിൽ കായൽ മനോഹാരിത ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തുന്ന സ്ഥലമായിരുന്നു. കുറെ കാലമായി വർധിക്കുന്ന ദുർഗന്ധം മൂലം സഞ്ചാരികൾ പാലത്തിലേക്ക് കടക്കാറില്ല.
പ്രകൃതി രമണീയമായിരുന്ന കായൽ തീരം ഇപ്പോൾ ദുർഗന്ധത്തിന്റെ മുനമ്പായി മാറിയിരിക്കുകയാണ്. അരൂർ ഗ്രാമപഞ്ചായത്ത് താൽപര്യമെടുത്ത് സഞ്ചാരികളെ ആകർഷിക്കാൻ കായലോരത്ത് ഇരിപ്പിടങ്ങളോടെ പാർക്ക് ഒരുക്കിയിരുന്നു. മാലിന്യം കുന്നുകൂടിയതിനെത്തുടർന്ന് പാർക്ക് അനാഥമായി, പിന്നെ കാടുകയറി. സൂര്യാസ്തമയം കാണാനെത്തുന്നവർ മൂക്കുപൊത്തി ഓടുന്ന സ്ഥിതിയാണ്. രാസമാലിന്യത്തിന്റെ കാഠിന്യം ഇടക്കൊച്ചി പാലത്തിന്റെ സ്പാനുകളിലെ കമ്പികളെ തുരുമ്പിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മലിനീകരണം മൂലം മത്സ്യക്ഷാമം രൂക്ഷം
കായൽ മലിനീകരണം മൂലം മത്സ്യക്ഷാമം രൂക്ഷമാണെന്ന് ചീനവലകളിലും നീട്ടുവലകളിലും മത്സ്യം പിടിക്കുന്ന തൊഴിലാളികൾ പറയുന്നു. ചെറുമത്സ്യങ്ങൾ വർഷങ്ങളായി അരൂർ മേഖലയിലെ കായലുകളിൽ ലഭിക്കാറില്ല. മാസങ്ങൾക്കു മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം കായലുകളിൽനിന്ന് ശേഖരിച്ചിരുന്നു.
മണിക്കൂറുകൾക്കുള്ളിൽതന്നെ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് അരൂർ മേഖലയിലെ കായലുകളിൽനിന്ന് കോരിയെടുത്തത്. നിലവിൽ പ്ലാസ്റ്റിക് മാലിന്യം എടുക്കുന്നതിന് കായലിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് ജനപ്രതിനിധികൾ അന്ന് തിരിച്ചറിഞ്ഞു. വെള്ളത്തിൽ ഇറങ്ങിയവരുടെ ദേഹം ചൊറിഞ്ഞുതടിച്ചു. പരിശോധനയിൽ രാസമാലിന്യമാണ് കാരണമെന്ന് കണ്ടെത്തി.