അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; 28 ശതമാനംകൂടി ബാക്കി, കാലാവധി ഏഴരമാസം
text_fieldsഉയരപ്പാതയുടെ നിർമാണ പുരോഗതിയുടെ ആകാശദൃശ്യം
അരൂര്‍: അരൂർ ബൈപാസ് ജങ്ഷൻ മുതൽ തുറവൂർ ജങ്ഷൻ വരെയുള്ള രാജ്യത്തിലെ ഏറ്റവും വലിയ ഉയരപ്പാതയുടെ നിര്‍മാണം 72 ശതമാനം പൂർത്തിയായെന്ന് നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട വിദഗ്ധർ. പാത നിൽക്കുന്നത് 354 ഒറ്റത്തൂണുകളിലാണ്. 12.75 കിലോമീറ്ററിൽ നിർമിക്കുന്ന ആകാശപ്പാതക്ക് ആകെ വേണ്ടത് 403 തൂണുകൾ.
രണ്ട് സ്ഥലങ്ങളിലെ റാമ്പുകളുടെ തൂണുകൾ ഉൾപ്പെടെയാണിത്. ഇതിൽ 394 തൂണുകളുടെ നിർമാണം പൂർത്തിയായി. നിർമാണത്തിന്റെ സൗകര്യാർഥം അഞ്ച് റീച്ചുകളിലായി തിരിച്ചാണ് പണികൾ പുരോഗമിക്കുന്നത്. ആറര കിലോമീറ്ററില്‍ മുകൾത്തട്ടിൽ റോഡും പൂര്‍ത്തിയായിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. കരാർ അനുസരിച്ച് ഇനി ഏഴരമാസമാണ് ബാക്കിയുള്ളത്.
ഒമ്പത് മീറ്റര്‍ ഉയരത്തിലാണ് ഒറ്റത്തൂണുകള്‍. ഇതിന് മുകളില്‍ ചിറക് വിരിച്ച മാതൃകയില്‍ പിയര്‍ ക്യാപ് നിര്‍മിച്ച് അതിന് മുകളിലാണ് 32 മീറ്റര്‍ നീളം വരുന്ന കോണ്‍ക്രീറ്റ് ഗര്‍ഡര്‍ സ്ഥാപിക്കുന്നത്. രണ്ട് തൂണുകള്‍ക്കിടയില്‍ ഏഴ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിച്ച് അതിന് മുകളിലാണ് ഉയരപ്പാത വരുന്നത്.
24 മീറ്റര്‍ വീതിയാണ് റോഡിന്. ചന്തിരൂര്‍, കുത്തിയതോട് പാലങ്ങള്‍ക്ക് മുകളില്‍ വരുന്ന ഉയരപ്പാതക്ക് സ്റ്റീൽ ഗാർഡറുകൾ സ്ഥാപിക്കും. ഇവിടെ തൂണുകള്‍ക്കിടയിലെ ദൂരം കൂടുതലാകുന്നതാണ് കാരണം. ആകാശപ്പാതയിലേക്ക് കയറാന്‍ രണ്ടിടവും ഇറങ്ങാന്‍ നാലിടത്തും സൗകര്യമുണ്ടാവും. ആകാശപ്പാത ആരംഭിക്കുന്ന അരൂരും അവസാനിക്കുന്ന തുറവൂരും മാത്രമാണ് വാഹനങ്ങളുമായി കയറാൻ സൗകര്യം. എന്നാല്‍, കുത്തിയതോടും ചന്തിരൂരിലും നിർമിക്കുന്ന റാമ്പ് വഴി താഴെയുള്ള ദേശീയപാതയിലേക്ക് ഇറങ്ങാൻ കഴിയും.
എരമല്ലൂരില്‍ ഉയരപ്പാതയില്‍ ടോള്‍ പ്ലാസയും പണിയുന്നുണ്ട്. ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ഉണ്ടാകും. ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് പിയര്‍ പ്രൊട്ടക്ഷന്‍ ഭിത്തിയുടെയും മീഡിയന് ഭിത്തിയുടെയും നിർമാണം പലയിടത്തും പുരോഗമിക്കുകയാണ്. പൂര്‍ത്തിയായ തൂണുകൾക്ക് പെയിന്റ് ചെയ്യുന്നുണ്ട്.
സിയാന് കളറാണ് തൂണുകള്‍ക്ക് അടിക്കുന്നത്. കാന നിർമാണം പാതിവഴിപോലും ആയിട്ടില്ല. സമീപങ്ങളിലെ ഇടത്തോടുകൾ വഴി വെള്ളം ഒഴുക്കാൻ പഞ്ചായത്തുകള്‍ അനുമതി നല്‍കുന്നതിനുണ്ടായ കാലതാമസമാണ് കാരണം. സമാന്തരപാതകളുടെ കാര്യവും സർവിസ് റോഡുകളുടെ കാര്യവും കഷ്ടമാണ്. ഉയരപ്പാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിടാൻ കണ്ടെത്തിയ സമാന്തര പാതകളാകെ തകര്‍ന്നു. ഇവയുടെ പുനർനിർമാണത്തിന് കോടികൾ അനുവദിച്ച് കരാർ ചെയ്തിട്ടുണ്ട്. നിർമാണം ആരംഭിച്ചിട്ടില്ല.