അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; തീരാക്കുരുക്ക്
text_fieldsഅരൂർ തുറവൂർ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ദേശീയപാതയിലെ യാത്രയെ ദുരിതപൂർണമാക്കി. സുഖകരമായ യാത്ര നൽകാൻ കഴിഞ്ഞില്ലെങ്കിൽ ദേശീയപാത അതോറിറ്റി ടോളും വാങ്ങരുതെന്നാണ് കോടതി വിധികൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ അരൂർ-കുമ്പളം ടോൾ പിരിവ് നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഉയരപ്പാത നിർമാണം ആരംഭിച്ച നാൾ മുതൽ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്.
ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകണം. തുറവൂർ മുതൽ അരൂർവരെയുള്ള ദുരിത യാത്രക്കാണ് ടോൾ നൽകേണ്ടത്. മണിക്കൂറുകൾ നീണ്ട ദുരന്ത പാതയിലുള്ള യാത്രക്കുശേഷമാണ് കുമ്പളത്ത് ടോൾ നൽകേണ്ടത്. ഇത് തടയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സമാനമായ ദുരിതത്തിന് പരിഹാരമായി സുപ്രീംകോടതിപോലും അംഗീകരിച്ച നീതി മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ യാത്രക്കാർക്ക് ലഭ്യമായതിന് പിന്നാലെയാണ് അരൂരിലെ യാത്രക്കാർ ഇത്തരം ആവശ്യം ഉയർന്നത്.
2011 ജൂണ്‍ 11നാണ് കുമ്പളത്ത് ടോള്‍ പിരിച്ചുതുടങ്ങിയത്. കണക്കുപ്രകാരം പ്രതിദിനം പത്തേമുക്കാല് ലക്ഷം രൂപയാണ് കലക്ഷന്‍. ഇടപ്പള്ളി മുതല്‍ അരൂര്‍വരെ പതിനാറേമുക്കാല്‍ കിലോമീറ്റര്‍ നാലുവരിപ്പാതക്കും അരൂരിലെ പുതിയ പാലത്തിനുമായി ആകെ ചെലവായത് 184 കോടി രൂപയാണ്.
ടോള്‍ പിരിവ് എത്രനാളുണ്ടാകുമെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ടോൾ പിരിവ് ഒരിക്കലും അവസാനിക്കില്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ മറുപടി. നിര്‍മാണച്ചെലവായ 184 കോടി പിരിച്ചെടുത്തശേഷം ടോള്‍ നിരക്ക് കുറക്കുമെന്നാണ് പഴയ ഗസറ്റ് വിജ്ഞാപനം. അതേസമയം, 10 വര്‍ഷം പിരിച്ചിട്ടും 70 മാത്രമാണ് ലഭിച്ചതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.