അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; ദേശീയപാതയിൽ ദുരിതം തീർത്ത് പൊടിശല്യം
text_fieldsദേശീയപാതയിൽ പൊടിപടലങ്ങൾക്കിടയിലൂടെ ബൈക്ക്
ഓടിക്കുന്നയാൾ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ പൊടിശല്യം രൂക്ഷമായി. വേനൽ കടുത്തതോടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉയരുന്ന പൊടി യാത്രക്കാർക്കും റോഡരികിലെ കച്ചവടക്കാർക്കും ദുരിതമാകുകയാണ്. മത്സരിച്ചോടുന്ന ബസുകൾ ഉയർത്തുന്ന പൊടി ഇരുചക്രവാഹന യാത്രക്കാരെ സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ കഷ്ടപ്പെടുത്തുകയാണ്.
രാവിലെ മുതൽ വൈകീട്ട് വരെയും രാത്രിയിലും ഇടതടവില്ലാതെ റോഡിൽനിന്ന് പൊടി ഉയരുകയാണ്. റോഡരികിലെ പൊടി ശല്യം കൊണ്ട് മാത്രം കടകൾ അടച്ച് കച്ചവടം നിർത്തി പോയവർ നിരവധിയാണ്. ശേഷിക്കുന്നവർ പൊടി കയറാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും വച്ച് മറച്ചാണ് കച്ചവടം നടക്കുന്നത്. പൊടി രൂക്ഷമാകുന്ന അവസരങ്ങളിൽ ഉയരപ്പാത നിർമാണം നടത്തുന്ന കരാർ കമ്പനി നേരത്തെ ടാങ്കർ ലോറികളിൽ വെള്ളം തളിച്ചിരുന്നു. എന്നാൽ ഇപ്പോൾ പേരിനുപോലും വെള്ളം തളിക്കാൻ കരാർ കമ്പനി തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.


