പാചകവാതക പ്രതിസന്ധി; അരൂരിലും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി
text_fieldsഅരൂർ ഇല്ലത്ത് ജങ്ഷനിലെ ഹോട്ടൽ അടച്ചനിലയിൽ
അരൂര്‍: പാചക വാതക വിതരണം പ്രതിസന്ധിയിലായതോടെ അരൂരിൽ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. നേരത്തെ ഉയരപ്പാത നിര്‍മാണം മൂലം അരൂരിനും തുറവൂരിനും ഇടയില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം ഹോട്ടലുകളും ബേക്കറികളും പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാചക വാതക സിലിണ്ടറുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നത്. ഗ്യാസിന്റെ ക്ഷാമം ഹോട്ടലുടമകള്ക്കൊപ്പം, ഹോട്ടൽ തൊഴിലാളികളുടെ കുടുംബ ജീവിതവും പ്രതിസന്ധിയിലാക്കും. അരൂർ ഇല്ലത്ത് ജങ്ഷനിൽ വർഷങ്ങളായി നിലനിന്നിരുന്ന ബിരിയാണി കട ഇന്നലെ അടച്ചു.
ഗ്യാസ് ലഭിക്കുന്നില്ലെന്ന ആശങ്ക വ്യാപകമായതോടെ അരൂരിലെ ഗ്യാസ് ഏജൻസിയിലും ഇന്നലെ രാവിലെ തിക്കും തിരക്കുമുണ്ടായി. ഏഴാം തീയതി വരെ ബുക്ക് ചെയ്തവർക്ക് വിതരണം ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഗ്യാസ് ഏജൻസി അധികൃതർ പറഞ്ഞു. അതിനുള്ള സ്റ്റോക്ക് ഗ്യാസ് ഏജൻസിയിൽ നിലവിലുണ്ട്. തുടർന്നുള്ള ദിവസങ്ങളിലെ അവസ്ഥ പ്രവചനാതീതമാണ്.


