ഉയരപ്പാത നിർമാണം; ഗതാഗത സ്തംഭനവും അപകടവും തുടരുന്നു
text_fieldsഅരൂർ ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ചരക്കുലോറിയും ഉരസി ഗതാഗതം സ്തംഭിച്ചപ്പോൾ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വ്യാഴാഴ്ചയും വാഹനങ്ങൾ കൂട്ടിയുരുമ്മി ഗതാഗതം നിലച്ചു. ഉച്ചക്ക് ഒരുമണിയോടെ അരൂർ ക്ഷേത്രം ജങ്ഷനിലായിരുന്നു സംഭവം. തെക്കോട്ട് പോയ ടൂറിസ്റ്റ് ബസിൽ ചരക്കുലോറി ഉരസി നിന്നതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു. ലോറിക്കാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതോടെ വാഹനങ്ങൾ അരൂക്കുറ്റി റോഡിലും കുടുങ്ങി.
ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ഇടപെട്ടതോടെയാണ് വാഹനങ്ങൾ പോകാനായത്. അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയുടെ തെക്കോട്ടും വടക്കോട്ടുമുള്ള പാതകളിൽ ഗതാഗത സ്തംഭനം ഒഴിവാക്കാൻ ഒരുവരി ഗതാഗതമാണ് അനുവദിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾക്ക് പ്രവേശനവുമില്ല. ഇവ ആലപ്പുഴയിൽനിന്ന് മറ്റുറോഡുകൾ വഴി തിരിഞ്ഞുപോകണമെന്നാണ് വ്യവസ്ഥ. എന്നാൽ, വ്യവസ്ഥകളും നിബന്ധനകളും പാലിക്കാൻ വാഹനങ്ങൾ തയാറാകുന്നില്ല.