എഴുപുന്ന ക്ഷേത്രത്തിലെ മോഷണം; മോഷ്ടിച്ച സ്വർണം പണയം വെച്ച് ഓഹരിയിൽ നിക്ഷേപിച്ചെന്ന് പ്രതി
text_fieldsഅരൂർ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതറിഞ്ഞ് പൊലീസ് നടത്തിയത് പഴുതടച്ച അന്വേഷണം. വിഷുദിനത്തിലാണ് മോഷണം നടന്നതെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചത് ചൊവ്വാഴ്ചയാണ്. മോഷണത്തിന് ശേഷം കാണാതായ ക്ഷേത്രത്തിൽ താൽക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം, ഈസ്റ്റ്കല്ലട, രാം നിവാസിൽ രാമചന്ദ്രൻ പോറ്റിയെ (42) കുറിച്ച് ഒരു രേഖയും ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഇത് പൊലീസിനെ അക്ഷരാർഥത്തിൽ കുഴക്കിയിരുന്നു.
ജാഗ്രതയോടെയുള്ള അന്വേഷണമാണ് മൂന്നുദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ ഇടയാക്കിയത്. വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്. 14 അംഗ അന്വേഷണ സംഘത്തെ 5, 5, 4 എന്നീ അംഗസംഖ്യയുള്ള മൂന്ന് ടീമായി തിരിച്ചായിരുന്നു അന്വേഷണം. 15ന് തീയതിയാണ് രാമചന്ദ്രൻ പോറ്റിയുടെ ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോൺ ഓൺ ആയത്. അതോടെ പൊലീസിന് ലൊക്കേഷൻ മനസ്സിലായി. കൊല്ലത്തുള്ള രണ്ട് ടീമിനെയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി.
ഫെഡറൽ ബാങ്കിൽ സ്വർണം പണയം വെച്ചതും ഓഹരി ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചതും പൊലീസ് മനസ്സിലാക്കി. ഫെഡറൽ ബാങ്കിന്റെ തേവര ബ്രാഞ്ചിൽ ഏഴ് ലക്ഷം രൂപക്കാണ് സ്വർണം പണയം വെച്ചത്. രാമചന്ദ്രന്റെ ഏറ്റവും വലിയ ദൗർബല്യം ഓഹരി വിപണിയാണെന്ന് പൊലീസ് പറഞ്ഞു. സ്വർണം പണയം വെച്ച് മുഴുവൻ പണവും ഓഹരിയിൽ നിക്ഷേപിച്ചുവെന്നാണ് ചോദ്യം ചെയ്യലിൽ മനസ്സിലാക്കിയത്. മൂന്ന് ദിവസമായി അങ്കലാപ്പിലായിരുന്ന ക്ഷേത്രം ഭാരവാഹികൾക്കും ഇനി ആശ്വസിക്കാം. കീഴ്ശാന്തിയുടെ വിവരങ്ങൾ സൂക്ഷിക്കാത്തതിനാൽ വലിയ പഴി കേൾക്കേണ്ടിവന്നു. സ്വർണം നഷ്ടപ്പെട്ടതിന് പിറകെ ബാക്കിയുള്ള സ്വർണം പരിശോധിച്ചതിൽ മുക്കുപണ്ടമാണെന്ന് അറിഞ്ഞതും ഭാരവാഹികളെ വിഷമത്തിലാക്കി. പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.