വേലിയേറ്റം: വെള്ളപ്പൊത്തിന് കാരണം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചത്
text_fieldsവെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അരൂർ മേഖലയിലെ കായലോരങ്ങൾ
അരൂർ: വേമ്പനാട്ട് കായലിൽ വേലിയേറ്റത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതുമൂലമാണെന്ന് കായലിനെ കുറിച്ച് പഠനം നടത്തുന്ന കുഫോസിന്റെ റിപ്പോർട്ട്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വേമ്പനാട് കായലിനോട് ചേർന്നു കിടക്കുന്നതും ബണ്ടിന് വടക്കോട്ടുള്ളതുമായ പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്ക ഭീഷണി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടക്കുമ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. എല്ലാ വർഷവും വൃശ്ചിക മാസത്തിൽ വേലിയേറ്റ വെള്ളപ്പൊക്കം പണ്ടുമുതലേ ഉണ്ടാകാറുണ്ട്.
കായലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ കുഫോസിനെ ചുമതലപ്പെടുത്തിയതനുസരിച്ചാണ് ഇവർ പഠനം നടത്തി റിപ്പോർട്ട് സർക്കാറിന് നൽകിയത്.
ഏറ്റവും ഗുരുതരമായ കാര്യം കായലിന്റെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യമാണ്. കായൽ കൈയേറ്റം, കായലിന്റെ ആഴക്കുറവ്, കായൽ മലിനീകരണം ഇവയും വെള്ളപ്പൊക്കത്തിന് കാരണങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിന് ശനിയാഴ്ച തുടക്കം കുറിച്ചു. ആലപ്പുഴ ജില്ല മാത്രം വിചാരിച്ചാൽ പരിഹരിക്കേണ്ട വിഷയമല്ല കായൽ സംരക്ഷണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.
സംഭരണശേഷി കുറഞ്ഞത് വെള്ളപ്പൊക്കത്തിന് കാരണം
വേലിയേറ്റത്തിനും വേലിയിറക്കത്തിനും അനുസരിച്ച് കായലിലെ ജലനിരപ്പിലും മാറ്റം വരും. സാധാരണ ആറുമണിക്കൂറോളം നീണ്ടുനിൽക്കുന്ന വേലിയേറ്റവും വേലിയിറക്കവുമാണ് കായലിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്. കടലിൽ വേലിയേറ്റമുണ്ടാകുമ്പോൾ കൊച്ചിക്കായലിലൂടെ വേമ്പനാട്ടു കായലിലേക്ക് വെള്ളം ഒഴുകിയെത്തും. വേലിയേറ്റത്തിൽ കയറിയ വെള്ളം വേലിയിറക്ക സമയങ്ങളിൽ കടലിലേക്ക് ഇറങ്ങാതെ വരുന്നതും കിഴക്കൻ വെള്ളം കൂടുതലായി കായലിലേക്ക് എത്തുന്നതും കായൽത്തീരങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകും. വേമ്പനാട്ടുകായലിന്റെ ആഴംകൂട്ടി സംഭരണശേഷി വർധിപ്പിക്കുകയാണ് ഇതിനു പ്രതിവിധിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്ധകാരനഴിയിലെ മണൽത്തിട്ട നീക്കം ചെയ്യാൻ സ്ഥിരംസംവിധാനമില്ലാത്തത് തുറവൂർ മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്.