ഉയരപ്പാത നിര്‍മാണം; താൽക്കാലിക ടവര്‍ ലൈന്‍ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി
text_fieldsഅരൂര്‍ ബൈപാസ് ജങ്ഷനില്‍ ദേശീയപാതക്ക് കുറുകെ കടന്നുപോകുന്ന ടവര്‍ ലൈന്‍ മാറ്റുന്ന ജോലി ആരംഭിച്ചപ്പോള്‍
അരൂര്‍: ഉയരപ്പാത നിര്‍മാണത്തിന് തടസമാകുന്ന ഇലക്ട്രിക് 110 കെ.വി. പ്രസരണ ലൈന്‍ താൽകാലിക സംവിധാനത്തിലേക്ക് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. അരൂര്‍ ബൈപാസ് കവലയിലെ ഇലക്ട്രിക്ക് പണികൾ വൈദ്യുതി വകുപ്പ് കളമശേരി യൂനിറ്റിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ദേശയപാതക്കിരുവശവും എമര്‍ജന്‍സി റീസ്റ്റൊറേഷന്‍ സിസ്റ്റം (ഇ.ആര്.എസ്) എന്ന നിലയില്‍ താത്ക്കാലിക ടവറുകള്‍ സ്ഥാപിച്ച് നിലവിലെ ലൈനുകള്‍ ഇതിലേക്ക് മാറ്റുകയാണ്. ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ അരൂര്‍, ചേര്‍ത്തല, പശ്ചിമകൊച്ചി എന്നിവിടങ്ങളിലേക്കുള്ള വിതരണം നിര്‍ത്തിവെക്കേണ്ടിവരും. ഇത് ആയിരക്കണക്കിന് ഗുണഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് ഇ.ആര്.സ് എന്ന പേരിലുള്ള സിസ്റ്റം നടപ്പാക്കുന്നത്.
താൽകാലിക സംവിധാനമാണെങ്കിലും യാഥാർഥ്യമാക്കാന്‍ ദിവസങ്ങളെടുക്കും. കാരണം ലൈനുകള്‍ ഇതിലേക്ക് മാറ്റി വൈദ്യുതി കടത്തിവിട്ട് തകരാറുകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കിയശേഷമേ ഇവിടെ ഉയരപ്പാത നിര്‍മാണ ജോലികള്‍ ആരംഭിക്കൂ. ദിവസങ്ങളായി അരൂര്‍ ബൈപാസ് ജങ്ഷന് സമീപം ഇരുവശത്തുമായി താൽകാലിക ടവര്‍ നിര്‍മാണം നടക്കുന്നുണ്ട്. ശനിയാഴ്ച അരൂര്‍ സബ്സ്റ്റേഷന് കീഴിലെ വൈദ്യുതി ഓഫ് ചെയ്ത് ലൈന്‍ മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവിടുത്തെ ജോലി പൂര്‍ത്തീകരിച്ചശേഷമേ അരൂര്‍ റെസിഡന്‍സി ഹോട്ടലിന് സമീപത്തെ ടവര്‍ ലൈന്‍ മാറ്റുന്ന ജോലികള്‍ ആരംഭിക്കൂ.


