തീരമേഖലയിൽ ദുരിതം
text_fieldsഅരൂർ: മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന അരൂർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ തീരവാസികൾക്ക് പറയാനുള്ളത് ഇല്ലായ്മകൾ മാത്രം.
അരൂർ മണ്ഡലത്തിലാകെ ജപ്പാൻ കുടിവെള്ള വിതരണം നടക്കുമ്പോൾ മാസങ്ങളായി കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.
വെള്ളം കൊണ്ടുവരുന്ന ടാങ്കർ ലോറിക്ക് കടന്നുപോകാൻ കഴിയുന്ന വിധം നല്ല റോഡും ഈ ഭാഗത്തില്ല. കുടിവെള്ളമെത്താത്തത് പൈപ്പ് തകർന്നതിനാലാണെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. മഴപെയ്താൽ ചളിയായി മാറുന്ന റോഡുകൾ പ്രദേശത്തിന്റെ ശാപമാണ്. അഞ്ചു വർഷത്തിനിടെ രണ്ടുതവണ അറ്റകുറ്റപ്പണി നടത്തിയ വെളുത്തുള്ളിയിലേക്കുള്ള റോഡ് സൈക്കിൾ യാത്ര പോലും പറ്റാത്ത വിധം പൊട്ടിപ്പൊളിഞ്ഞു. ഒരുകിലോമീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ നടപ്പാതയുമില്ല. നിർമാണ സാമഗ്രികൾ ട്രോളി ഉപയോഗിച്ചുപോലും വീടുകളിലെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 1988ൽ കെട്ടിയ കായൽത്തീരത്തെ കായൽഭിത്തി തകർന്നു തുടങ്ങിയിട്ട് നാളേറെയായി. 300ഓളം മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കൽക്കെട്ട് തകർന്നതിനെ തുടർന്ന് അസാധാരണ വേലിയേറ്റം ആവർത്തിക്കുമ്പോഴെല്ലാം വീടുകളിലേക്ക് കായൽ വെള്ളം കയറുന്ന സ്ഥിതി ആവർത്തിക്കുകയാണ്. പതിറ്റാണ്ടുകൾക്കു മുൻപ് കാർഷികാവശ്യങ്ങൾക്ക് കുത്തിയ ആഞ്ഞിലിക്കാട് തോട് സ്വകാര്യ വ്യക്തി കൈയേറിയതുമൂലം ഒഴുക്കു നിലച്ച് മാലിന്യം നിറഞ്ഞു.
കായൽ മലിനീകരണംമൂലം ഊന്നിവലകളും ചീനവലകളും നോക്കുകുത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എക്കലും, മാലിന്യവും അടിഞ്ഞ് കായലിന് ആഴം ഇല്ലാതായതോടെ കക്ക കൃഷിയും അവതാളത്തിലായി. വർഷങ്ങൾക്കു മുമ്പ് കക്കാ തൊഴിലാളികളുടെ കേന്ദ്രമായിരുന്നു ഇത്.


