അരൂക്കുറ്റിയിൽ ഹൗസ് ബോട്ട് ടെർമിനൽ നശിക്കുന്നു
text_fieldsഅരുക്കുറ്റിയിലെ ഹൗസ് ബോട്ട് ടെർമിനൽ
അരൂർ: കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച വിനോദസഞ്ചാര കേന്ദ്രം അരൂക്കുറ്റിയിൽ പ്രയോജനരഹിതമായി നശിക്കുന്നു. അരൂക്കുറ്റി ബോട്ട് ജെട്ടിയിൽ, പെരിയാർ ഇ.വി. രാമസ്വാമിക്ക് സ്മാരകം പണിയാൻ സ്ഥലം കണ്ടെത്തിയതിന് അരികിലാണ് രണ്ടരക്കോടിയിലധികം മുടക്കി വർഷങ്ങൾക്കു മുമ്പ് നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ ഒരു ചെറുവള്ളംപോലും അടുപ്പിക്കാതെ അരൂക്കുറ്റി കൈതപ്പുഴ കായലോരത്ത് ഉപേക്ഷിച്ച നിലയിൽ സ്ഥിതിചെയ്യുന്നത്.
സാമൂഹിക വിരുദ്ധരുടെ താവളമായതോടെ അധികൃതർ ‘ഇവിടെ അതിക്രമിച്ചു കടക്കരുത്’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിട്ടുണ്ട്.] കമനീയമായി പണിത ഹൗസ് ബോട്ട് ടെർമിനൽ ഉപയോഗിക്കാതെ വർഷങ്ങൾ നീണ്ടപ്പോൾ അന്വേഷിച്ചവരോട് അധികാരികൾ പറഞ്ഞത് എക്സൈസിന്റെ സ്ഥലം വിനോദസഞ്ചാര വകുപ്പിന് നൽകാത്തതാണ് തടസ്സത്തിന് കാരണമെന്നാണ്.
എക്സൈസിന്റെ സ്ഥലം തമിഴ്നാട് സർക്കാറിന് അനുവദിക്കാൻ ഇത്തരം തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല. തീരപരിപാലന നിയമം കെട്ടിടം പണിക്ക് തടസ്സമായെങ്കിലോ എന്ന് കരുതി തമിഴ്നാട് സർക്കാർവേറെ സ്ഥലം അന്വേഷിച്ചപ്പോൾ, ആരോഗ്യവകുപ്പിന്റെ അരയേക്കർ സ്ഥലം വിട്ടുകൊടുക്കാനും സർക്കാറിന് തടസ്സം ഉണ്ടായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടരക്കോടിയോളം മുടക്കി പണിതുയർത്തിയ വഞ്ചിപ്പുര ടെർമിനൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. കായൽ സൗന്ദര്യം ആസ്വദിക്കാൻ വാച്ചിങ് ടവർ, വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാൻ സൗകര്യം, ലഘുഭക്ഷണശാല, വേലിയേറ്റത്തിലും ഇറക്കത്തിലും ഹൗസ് ബോട്ടുകളിലേക്ക് നടന്നുകയറാൻ നടപ്പാത തുടങ്ങി മികവുറ്റ സൗകര്യമാണ് ഹൗസ് ബോട്ട് ടെർമിനലിലുള്ളത്.
വിനോദസഞ്ചാര സാധ്യതകളേറെ
തിരുവിതാംകൂർ രാജ്യത്തെ കൊച്ചി രാജ്യവുമായി അതിരിടുന്ന അതിരുകുറ്റിയായ അരൂക്കുറ്റിക്ക് കായൽ ജലഗതാഗതവുമായി ബന്ധപ്പെട്ട് സമ്പന്നമായ ചരിത്രമുണ്ട്. പെരിയാറിന്റെ സ്മാരകം പൂർത്തിയായി കഴിഞ്ഞാൽ തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെ വിനോദസഞ്ചാരികൾ ഇവിടെയെത്തും. അവരെ ഉൾക്കൊള്ളാനും മറ്റു കാഴ്ചകൾക്ക് അവസരം ഒരുക്കാനും നമ്മുടെ വിനോദസഞ്ചാര സംവിധാനത്തിന് കഴിയണമെങ്കിൽ ഇപ്പോൾ മുതൽ പദ്ധതികൾ തയാറാക്കാൻ കഴിയണമെന്ന് സ്ഥലവാസികൾ പറയുന്നു.
തിരുവിതാംകൂറിന്റെ രണ്ടാം തലസ്ഥാനമായി അറിയപ്പെട്ടിരുന്ന അരൂക്കുറ്റിയുടെ ചരിത്രം അറിയിക്കുന്ന വിധം കെട്ടിടങ്ങൾ, സ്മാരകങ്ങൾ, ചുങ്കപ്പണം സൂക്ഷിക്കുന്ന ഖജനാവിന്റെ മാതൃക തുടങ്ങിയവ നിർമിച്ചാൽ വിനോദസഞ്ചാരം വികസിപ്പിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2.65 കോടിയുടെ പദ്ധതിയിൽ നിർമാണം പൂർത്തിയായിക്കിടക്കുന്ന ബോട്ടുജെട്ടിയും അനുബന്ധ കെട്ടിടങ്ങളും അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. വലിയ നിലയിൽ കൊട്ടിഗ്ഘോഷിക്കപ്പെട്ട സർക്യൂട്ട് ടൂറിസം പദ്ധതിയും പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവുമുയരുന്നു.


