കായൽ നിറയെ പായൽ; ഒറ്റപ്പെട്ട് കാക്കത്തുരുത്ത്
text_fieldsഅരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കായൽദ്വീപായ കാക്കത്തുരുത്ത് ഒറ്റപ്പെട്ട നിലയിൽ. കായലിൽ പോളപ്പായൽ തിങ്ങിനിറഞ്ഞതാണ് കാരണം. ദ്വീപിലേക്ക് കടക്കാൻ വഞ്ചികളാണ് ഏക ആശ്രയം. പോളപ്പായൽ തിങ്ങിയതോടെ, കടത്ത് വള്ളങ്ങൾ കായലിലൂടെ നീങ്ങാതായി. യന്ത്രം ഘടിപ്പിച്ച വള്ളങ്ങൾ പോലും ക്ലേശിച്ചാണ് കായൽ കടക്കുന്നത്. അപകടസാധ്യത ഉള്ളതുകൊണ്ട് വള്ളത്തിൽ കൂടുതൽ യാത്രക്കാർ കയറാനും വള്ളക്കാർ സമ്മതിക്കുന്നില്ല. രാവിലെയും വൈകുന്നേരവും ഇതുമൂലം യാത്ര ദുരിതപൂർണമാവുകയാണ്.
തുരുത്തിൽ 300ൽ അധികം കുടുംബങ്ങളുണ്ട്. സകല ആവശ്യങ്ങൾക്കും തുരുത്തു നിവാസികൾക്ക് സമീപ കരയായ എരമല്ലൂരിൽ എത്തണം. പൊതു സ്ഥാപനങ്ങൾ എന്നു പറയാൻ തുരുത്തിലുള്ളത് അംഗൻവാടിയും ആയുർവേദ ആശുപത്രിയും മാത്രമാണ്. 90ഓളം കുട്ടികൾ എരമല്ലൂരിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. പായൽ തിങ്ങിയ കായലിലൂടെയുള്ള കുട്ടികളുമായുള്ള സാഹസിക വഞ്ചിയാത്ര രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.
സാധാരണക്കാരും കൂലിവേലക്കാരുമാണ് തുരുത്ത് നിവാസികളിൽ അധികവും. എരമല്ലൂരിലെ ദേശീയപാതയിലെത്തി സഞ്ചരിച്ച് കൊച്ചിയിലും മറ്റുമെത്തി വേണം അന്നന്നത്തെ അന്നത്തിനുള്ള വഴിതേടാൻ. എരമല്ലൂർ, ചന്തിരൂർ മേഖലകളിലെ ചെമ്മീൻ സംസ്കരണ സ്ഥാപനങ്ങളിലെത്തി ജോലി ചെയ്യുന്ന നിരവധി സ്ത്രീകളും തുരുത്തിലുണ്ട്. ഇവരുടെ യാത്രയും ദുഷ്കരമായി.
പായൽ പതിവ്; പരിഹാരങ്ങളില്ല
എല്ലാവർഷവും ഈ മാസങ്ങളിൽ ദുരിതയാത്രയാണെന്ന് നാട്ടുകാർ പറയുന്നു. കുട്ടനാടൻ മേഖലകളിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽനിന്ന് പുറന്തള്ളുന്ന പായൽക്കൂട്ടങ്ങൾ കായൽ വഴി ഒഴുകിയെത്തുന്നതാണ് അരൂർ മേഖലയിലെ കായലുകളിലെ ദുരിതയാത്രക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവർഷവും മത്സ്യത്തൊഴിലാളികൾക്കും വഞ്ചിയാത്രകൾക്കും പായൽ ദുരിതം വിതക്കുന്നു. പായൽ നീക്കാൻ ത്രിതല പഞ്ചായത്തുകളും ഇറിഗേഷൻ വകുപ്പും വർഷംതോറും പദ്ധതികൾ തയാറാക്കാറുമുണ്ട്. ശാശ്വതമായ ഒരു പദ്ധതിയും വിജയിച്ചിട്ടില്ല.
ലോക പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രം
ജില്ലയിലെ മനോഹരങ്ങളായ ദ്വീപുകളിൽ ലോകപ്രസിദ്ധമാണ് കാക്കത്തുരുത്ത്. പക്ഷി നിരീക്ഷണത്തിനും മനോഹരമായ സൂര്യാസ്തമയം കാണാനും അനുയോജ്യമായ ഇടമാണിത്. കാക്കത്തുരുത്തിലെ അസ്തമയസൂര്യന്റെ കാഴ്ചയെ ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നായി നാഷനൽ ജ്യോഗ്രഫിക് ചാനൽ വിലയിരുത്തിയിട്ടുണ്ട്. കായൽ യാത്രകൾക്കും മത്സ്യവിഭവങ്ങളുടെ രുചിയറിയാനും നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്. സഞ്ചാരികളെ കാഴ്ച കാണിക്കാൻ കായലിൽ സഞ്ചരിക്കുന്ന ജലയാനങ്ങളും കായലിൽ പായൽ നിറഞ്ഞതോടെ കരയിലായിരിക്കുകയാണ്.


