കുമ്പളങ്ങി പഞ്ചായത്തിന്റെ അനാസ്ഥ; അരൂർ-കുമ്പളങ്ങി പാലംപണി വൈകുന്നു
text_fieldsകുമ്പളങ്ങി ജനതാ കടത്തിലെ ബോട്ടുജെട്ടി നിർമാണം പുരോഗമിക്കുന്നു
അരൂർ: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയിൽ അരൂർ-കുമ്പളങ്ങി പാലംപണി വൈകുന്നു. പാലം നിർമാണം ആരംഭിക്കാനാവശ്യമായ ഒരുക്കം നടത്താൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. നിർമാണം നടക്കേണ്ട അരൂർ കെൽട്രോൺ-കുമ്പളങ്ങി കടത്തുകടവിൽ ചങ്ങാടസർവിസ് മാറ്റാത്തതിനാൽ നിർമാണസാമഗ്രികൾ ഇറക്കാൻ കഴിയുന്നില്ല. ചങ്ങാടസർവിസ് അമ്മനേഴം-കുമ്പളങ്ങി ജനതാ കടത്തുകടവിലേക്ക് മാറ്റിയാലേ ഇത് സാധ്യമാകൂ. ജനതാ കടത്തുകടവിൽ ബോട്ട് ജെട്ടി നിർമാണം നടക്കുന്നുണ്ട്.
പാലംപണി തുടങ്ങുന്നതിന് തീരുമാനിച്ച സമയം ഒരാഴ്ച പിന്നിട്ടിട്ടും എന്നുതുടങ്ങാൻ കഴിയുമെന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ്. പാലം പണിക്കുള്ള സൗകര്യങ്ങൾ ഒരുക്കേണ്ട ചുമതല കുമ്പളങ്ങി പഞ്ചായത്തിനാണ്. നേരത്തേ, ഒരുക്കം നടത്തിയിരുന്നെങ്കിൽ പാലം പണി ഇതിനകം ആരംഭിക്കാൻ കഴിയുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചിങ്ങം ഒന്നാംതീയതി നിർമാണം തുടങ്ങാനാണ് കരാറുകാരൻ താൽപര്യപ്പെട്ടിരുന്നത്. അടുത്ത ദിവസങ്ങളിലുണ്ടായ ക്രമാതീതമായ വേലിയേറ്റം പണികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. തൽക്കാലം യാത്രക്കാരെ മാത്രം അക്കരെയിക്കരെ എത്തിക്കാനുള്ള യന്ത്ര സഹായത്തോടെയുള്ള വള്ളം ഏർപ്പെടുത്താനുള്ള നീക്കവും അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നീണ്ടുപോവുകയാണ്. പുതിയ ജെട്ടി പണിതശേഷം ചങ്ങാട സർവിസ് അവിടേക്ക് മാറ്റി പാലം പണികൾ തുടങ്ങിയാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
അരൂർ കെൽട്രോൺ-കുമ്പളങ്ങി ബോട്ട് ചങ്ങാട സർവിസ്
ചങ്ങാട സർവിസ് നടത്തുന്നവർ തന്നെ താൽക്കാലിക ഫെറി സർവിസ് നടത്താമെന്ന് ഏറ്റിരുന്നതാണ്. അരൂർ അമ്മനേഴം ജെട്ടിയിലെ ആഴം കൂട്ടലും, ബോട്ട് ജെട്ടിയിൽ ഇടിക്കാതിരിക്കാനുള്ള തെങ്ങിൻ കുറ്റികൾ നാട്ടലും മറ്റും അരൂർ പഞ്ചായത്ത് ചെയ്യണമെന്നാണ് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. എന്താണെങ്കിലും ഇതിനെക്കുറിച്ചുള്ള ആശയവ്യക്തത വരുത്താൻ അരൂർ -കുമ്പളങ്ങി മേഖലയിലെ എം.എൽ.എ മാരടക്കമുള്ള ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചുകൂട്ടുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. അരൂർ, കൊച്ചി മണ്ഡലങ്ങളിലെ പ്രതിനിധികളായ ദലീമ എം.എൽ.എയും കെ.ജെ. മാക്സി എം.എൽ.എയും പാലം നിർമാണം ആരംഭിക്കുന്ന കാര്യത്തിൽ ഉദാസീനത കാണിക്കുന്നുണ്ടെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.