കാരിയും, ചെമ്പല്ലിയും, പരലുമൊക്കെ എവിടെ പോയി; ചൂടിൽ വാടി കായൽ മീൻപിടുത്തക്കാർ
text_fieldsവേമ്പനാട്ട് കായലിൽ വലയിടുന്ന തൊഴിലാളികൾ
അരൂർ: ചൂട് കടുത്തതോടെ കായലും കനിയുന്നില്ല. മത്സ്യം കിട്ടാതെ മീൻപിടിത്ത തൊഴിലാളികൾ വെറുംവലയുമായി മടങ്ങുന്നു. ഉച്ചവരെ വലവീശിയാൽ ചിലപ്പോൾ കറിവയ്ക്കാനുള്ള മീൻ കിട്ടിയാലായി എന്നതാണ് സ്ഥിതിയെന്ന് തൊഴിലാളികൾ പറയുന്നു. മുമ്പ് ശരാശരി 300 കിലോവരെ മീൻ നൽകിയ വേമ്പനാട് കായലും തൊഴിലാളികളും വറുതിയിലാണ്. വേനൽ കടുത്തതോടെ കടൽ മത്സ്യങ്ങൾക്കും കായൽ മത്സ്യങ്ങൾക്കും കനത്ത ക്ഷാമം നേരിടുകയാണ്.
മത്സ്യം കൂടുതൽ ലഭിക്കേണ്ട സമയമാണ് ഇപ്പോൾ. ചെമ്മീൻ, കണമ്പ്, തിലോപ്പിയ, പ്രാച്ചി, കരിമീൻ തുടങ്ങിയ മത്സ്യങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. 2018ലെ പ്രളയത്തിനുശേഷം എക്കലും മണ്ണും അടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതാണ് മത്സ്യപ്രജനനത്തിന് തടസ്സമാകുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കായലിൽ മാലിന്യങ്ങൾ തള്ളുന്നതും മത്സ്യബന്ധനത്തിന് തടസ്സമാകുന്നുണ്ട്. ഈയിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുക്കാൻ ചില ശ്രമങ്ങൾ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടായി. മണിക്കൂറുകൾകൊണ്ട് ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. മാലിന്യം നീക്കം ചെയ്ത് ആഴംകൂട്ടി കായൽ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കായൽ മേജർ ഇറിഗേഷന്റെ പരിധിയിൽ ആയതിനാൽ ആഴം കൂട്ടുന്നതിനോ മറ്റു ജോലികൾക്കോ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല. തണ്ണീർമുക്കം ബണ്ടിന്റെ നിർമാണത്ത്ന് മുമ്പ് വേമ്പനാട്ട് കായലിൽ മത്സ്യം സുലഭമായിരുന്നു. വേലിയേറ്റസമയത്ത് കടലിൽനിന്നു കയറിവരുന്ന ഓരുമത്സ്യങ്ങൾ ഉപ്പിന്റെ അംശം കുറഞ്ഞ കായൽ പ്രദേശങ്ങളിൽ എത്തിച്ചേരും. കായൽ തുരുത്തുകളും ദ്വീപുകളും സമീപ പ്രദേശങ്ങളിൽ മത്സ്യങ്ങളുടെ പ്രജനത്തിന് യോജിച്ച ഇടങ്ങളായിരുന്നു.
ഇരതേടാനും മറ്റുമായി വന്നെത്തുന്ന വാണിജ്യ പ്രാധാന്യമുള്ള ഓരുമത്സ്യങ്ങൾ തൊഴിലാളികൾക്ക് സാമ്പത്തികമായും ഗുണംചെയ്തിരുന്നു. ബണ്ട് വന്നതോടെ കായലിന്റെ സ്വാഭാവികതക്ക് മാറ്റംവന്നു. ഓരുവെള്ള മത്സ്യങ്ങളുടെ ഉത്പാദനം കുറഞ്ഞു. കടലും കായലും ചൂടുപിടിക്കുന്നതോടെ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് ഉൾവലിയും. വലവീശിയാലും കിട്ടാതാകും. മഴ പെയ്താലേ പരിഹാരമാകൂ. കാരി, വരാൽ, വാള, കൂരി, ചെമ്പല്ലി, പരൽ, പള്ളത്തി, മണൽ വാള, ആറ്റുചെമ്പല്ലി, മഞ്ഞക്കൂരി എന്നിങ്ങനെയുള്ള നാടൻ മത്സ്യങ്ങളാണ് കായലിന്റെ കൈവഴികളായ തോടുകളിൽനിന്ന് ലഭിച്ചിരുന്നത്. ഇത്തരം നാട്ടുമത്സ്യങ്ങൾ മാർക്കറ്റിൽ എത്തിച്ചാൽ മറ്റു മത്സ്യങ്ങളേക്കാൾ ആവശ്യക്കാരുണ്ടായിരുന്നു. പഴയകാലത്ത് ലഭിച്ചിരുന്നത്രയും മത്സ്യം ഇപ്പോൾ തോടുകളിൽ നിന്നും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. തോടുകളും ചെറിയ നീർച്ചാലുകളും ഉള്ളത് പായലും പോളയും നിറഞ്ഞ് ഉപയോഗശൂന്യമായി. ബാക്കിയുള്ളത് നികത്തി റോഡാക്കി അല്ലെങ്കിൽ സ്ഥലം കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.