അരൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ
text_fieldsഅരൂർ മണ്ഡലത്തെ ചുറ്റിക്കിടക്കുന്ന വേമ്പനാട്ട് കായൽ
അരൂർ: അരൂർ നിയോജക മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുന്നത് കായൽ സംരക്ഷണത്തിന്റെ അപാകത മൂലമാണെന്ന ആക്ഷേപം ശക്തം. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും വേമ്പനാട്, കൈതപ്പുഴ എന്നീ കായലുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തുടർച്ചയായ മഴ അരൂർ, എഴുപുന്ന, കോടം തുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളെ വെള്ളത്തിലാക്കിയിരിക്കുകയാണ്.
വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴിഞ്ഞു പോകാത്തത് കായലുമായി ബന്ധപ്പെട്ട നീർച്ചാലുകളും തോടുകളും ഇല്ലാതായതുകൊണ്ടാണ്.നെൽവയലുകളുടെ നാശവും കായലിന്റെ ആഴക്കുറവും കൈയേറ്റവും മാലിന്യവും മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കായൽ സംരക്ഷണത്തിന് അടിയന്തര നടപടികളാണ് ആവശ്യം.
ജില്ല കേന്ദ്രീകരിച്ച് കായൽ പുനരുജ്ജീവന പദ്ധതികൾ പലതും ആസൂത്രണം ചെയ്തിരുന്നു. ചിലതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതുമാണ്. എന്നാൽ പ്രഖ്യാപനങ്ങളല്ലാതെ നടപടികൾ ഒന്നും മുന്നോട്ടു പോയില്ല. കായൽ സംരക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ ഏറ്റവും പ്രയോജനം ചെയ്യുന്നത് അരൂർ നിയോജക മണ്ഡലത്തിലായിരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കായൽ സംരക്ഷണത്തിന് 100 കോടി രൂപ പ്രഖ്യാപിച്ചതാണ്.
ഇതിനുള്ള ചില സർവേകൾ നടന്നതല്ലാതെ മറ്റു നടപടികൾ ഒന്നും നടന്നില്ല. കായൽഭിത്തി നിർമാണവും തീരദേശ റോഡിന്റെ വരവും ചർച്ചയിൽ ഉയർന്നുവന്നിരുന്നു. പിന്നീട് വേമ്പനാട്ടുകായലിന്റെ പുനരുജ്ജീവന പദ്ധതിക്കായി നബാർഡിൽനിന്ന് 3,500 കോടി രൂപ വായ്പയെടുക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിനായി പദ്ധതി രൂപരേഖ തയാറാക്കാനുള്ള നടപടികൾ അരൂർ മേഖലയിലും നടന്നു. പിന്നീട് ഫിഷറീസ് വകുപ്പ് വഴി നബാർഡിൽനിന്ന് 100 കോടി രൂപ ആദ്യഘട്ടത്തിൽ ആലപ്പുഴക്ക് ലഭ്യമാക്കാൻ ശ്രമം നടന്നു. ഫലമുണ്ടായില്ല.