തിരുവോണനാളിൽ അരൂർ പഞ്ചായത്ത് ഓഫിസിനുമുന്നിൽ അംഗത്തിന്റെ സമരം
text_fieldsപതിനാറാം വാർഡ് അംഗം ഇ.വി.തിലകൻ അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ സമരം നടത്തുന്നു
അരൂർ: അരൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ തിരുവോണനാളിൽ പതിനാറാം വാർഡ് അംഗത്തിന്റെ ധർണ. എൽ.ഡി.എഫ് ഭരിക്കുന്ന അരൂർ ഗ്രാമപഞ്ചായത്തിലെ സി.പി.ഐക്കാരനായ പതിനാറാം വാർഡ് മെമ്പർ ഇ.വി.തിലകനാണ് അടച്ചിട്ടിരുന്ന പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തിയത്.
പതിനാറാം വാർഡിലെ തെരുവുവിളക്കുകള്‍ തെളിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കരാറുകാരൻ അമാന്തം കാണിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 16ാം വാർഡിൽ കഴിഞ്ഞ നാലു മാസമായി സ്ട്രീറ്റ് ലൈറ്റ് മെയിന്റനൻസ് ചെയ്തിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ നടത്തേണ്ട കരാറുകാരനോടും പഞ്ചായത്ത് നേതൃത്വത്തോടും പരാതി അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും എടുക്കാത്തതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ അറിയിച്ചതെന്ന് തിലകൻ പറഞ്ഞു.
തിരുവോണദിവസം തന്നെ ഭരണകക്ഷിയിൽ പെട്ടയാൾ സമരത്തിന് എത്തിയത് ഭരണത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുമെന്ന് എൽ.ഡി.എഫ് നേതൃത്വം വിമർശിച്ചു. സമയവും സന്ദർഭവും നോക്കിയല്ല പ്രതിഷേധമെന്നും ജനങ്ങൾ അർപ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും തിലകൻ മറുപടി പറഞ്ഞു.