കാളിയാർമഠം വീണ്ടും വിവാദത്തിൽ; എം.എൽ.എ ഇടപെടുന്നു
text_fieldsഅരൂർ കാളിയാർമഠം ചാത്തൻ സേവാ കേന്ദ്രം, പഞ്ചായത്ത് അംഗങ്ങൾക്ക് ലഭിച്ച ഊമക്കത്തിന്റെ കോപ്പി
അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കാളിയാർമഠം ചാത്തൻ സേവാ കേന്ദ്രത്തിന്റെ കെട്ടിടത്തിന് നമ്പർ നൽകിയതിനെ ചൊല്ലിയുള്ള വിവാദം പഞ്ചായത്തിനകത്തും പുറത്തും പുകയുന്നു. അരൂർ പഞ്ചായത്ത് 19ാം വാർഡിൽ പ്രവർത്തിക്കുന്ന കാളിയാർമഠം എന്ന സ്ഥാപനം നേരത്തെയും വിവാദത്തിലായിട്ടുണ്ട്. സമീപവാസികൾ പഞ്ചായത്തിൽ മഠമുണ്ടാക്കുന്ന പൊതുശല്യത്തെക്കുറിച്ച് നിരവധി പരാതികൾ നൽകിയിരുന്നു. പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അയൽക്കാരനായ ഒരു ചെറുപ്പക്കാരനെ അന്തേവാസികൾ മഠത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദിച്ചെന്ന ആരോപണം ഉയർന്നത്. ഇത് ബഹുജന പ്രതിഷേധത്തിനും മഠം നടത്തിപ്പുകാർക്കെതിരേ പൊലീസ് നടപടിക്കും ഇടയാക്കി.
മഠത്തിന്‍റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് ആക്ഷൻ കൗൺസിലും രൂപീകരിച്ചിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന കുട്ടിച്ചാത്തൻ ക്ഷേത്ര കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയതാണ് വീണ്ടും മഠത്തെ വിവാദത്തിലാക്കുന്നത്. കഴിഞ്ഞദിവസം കൂടിയ അരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ഒച്ചപ്പാടിനിടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പനെതിരെ പ്രതിപക്ഷത്തോടൊപ്പം യു.ഡി.എഫ് അംഗങ്ങളും പ്രതിഷേധിച്ചു. നിയമവിരുദ്ധമായി കെട്ടിട നമ്പർ അനുവദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. കെട്ടിടത്തിന് നമ്പർ അനുവദിച്ചത് തന്റെ അറിവോടെയല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പൻ പറയുന്നത്.
വിഷയം വിവാദമായതോടെ ഡെപ്യൂട്ടി സ്പീക്കറും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്. കാളിയാർ മഠത്തിന്റെ അരികിലുള്ള റസിഡൻസ് അസോസിയേഷൻ വിവാദ മഠത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് എം.എൽ.എക്ക് പരാതി നൽകിയിട്ടുണ്ട്. കെട്ടിടത്തിന് നമ്പർ അനുവദിച്ച നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പഞ്ചായത്ത് കമീഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ പി.പി. സാബു, സുമ, അബ്ദുല്ല പരിയ, പ്രതിപക്ഷ അംഗങ്ങളായ ടി.ബി. ഉണ്ണികൃഷ്ണൻ, ചന്ദ്രിക സുരേഷ് എന്നിവരാണ് കമീഷൻ അംഗങ്ങൾ. പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാതെ കെട്ടിട നമ്പർ നൽകിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്വീകരിക്കാവുന്ന നിയമ നടപടികളെക്കുറിച്ചും പരിശോധിക്കാൻ തീരുമാനിച്ചു.
ഊമക്കത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി
ഇതിനിടെ പഞ്ചായത്ത് അംഗങ്ങൾക്ക് ലഭിച്ച ഊമക്കത്തുകളും വിവാദത്തിന് ആക്കം കൂട്ടി. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ഊമ കത്തിൽ പറയുന്നത്. ജില്ലയുടെ മറ്റൊരു പ്രദേശത്ത് വച്ചായിരുന്നു ലക്ഷങ്ങൾ കൈമാറിയതെന്നും കത്തിൽ സൂചനയുണ്ട്. ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു വാർഡ് മെംബറും കൈക്കൂലി ഇടപാടിൽ കക്ഷിയായിട്ടുണ്ടെന്ന് ഊമക്കത്തിൽ സൂചനയുണ്ട്. കത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വൈസ് പ്രസിഡന്റ് നടത്തിയ ഗുരുതര അഴിമതി പുറത്തുവിടുമെന്നാണ് ഭീഷണി.


