ദുരിതക്കളമായി ദേശീയപാത; നരകയാതനയായി അരൂർ-തുറവൂർ യാത്ര
text_fieldsഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിലെ വെള്ളക്കെട്ടും കുഴിയും
അരൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാത 66ലെ യാത്ര, നിർമ്മാണം ആരംഭിച്ച കാലം മുതൽ ദുരിതപൂർണ്ണമാണ്. മഴ കടുത്തതോടെ പാതയിലെ സഞ്ചാരം നരകതുല്യമായി. 2023-ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ 24 യാത്രക്കാരാണ് അപകടങ്ങളിൽ മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾ നിർമ്മാണത്തിടയിൽ മരണപ്പെട്ടു. നൂറിലധികം പേർക്ക് അപകടങ്ങളിൽ പരിക്കേറ്റു.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റര്‍ നീളത്തിലാണു നിര്‍മാണം. രാജ്യത്തെ തന്നെ ഒറ്റത്തൂണില്‍ നിര്‍മിക്കുന്ന ഏറ്റവും നീളം കൂടിയ ആറുവരി ഉയരപാതയാണിത്.
മൂന്നുവർഷമാണ് കരാർ കാലാവധിയായി നിർമ്മാണ കമ്പനിയായ അശോക് ബിൽഡ് കോൺ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒന്നേകാൽ വർഷം പിന്നിടുമ്പോൾ നിർമാണത്തിന്റെ 20 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർമാണം പൂർത്തിയാകുന്നതു വരെ എന്തുമാത്രം ദുരിതം അനുഭവിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഗതാഗതക്കുരുക്കൊഴിവാക്കാൻ നടപടിയെടുക്കാതെ അധികൃതർ
വർദ്ധിച്ചുവരുന്ന ഗതാഗതതിരക്ക് നിർമാണ വേളയിൽ നേരിടാനുള്ള ഉപായങ്ങൾ ഒന്നും പ്രായോഗിക തലത്തിൽ ചർച്ച ചെയ്യാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് ഇപ്പോൾ ഉയരുന്ന പ്രതിസന്ധികൾക്ക് പ്രധാന കാരണം. ഇതിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പൊലീസും മോട്ടോർ വാഹന വകുപ്പും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും കുറ്റക്കാരാണെനന്ന് നാട്ടുകാർ ആരോപിക്കുന്നു.
നിർമാണ കമ്പനിയുമായി വ്യവസ്ഥകൾ തീരുമാനിച്ചപ്പോൾ നിലവിലുള്ള ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും വ്യവസ്ഥ ചെയ്തില്ലെന്നാണ് നിർമ്മാണ കമ്പനി അധികൃതർ പറയുന്നത്. ഉയരപ്പാത നിർമാണത്തിന് കരാർ ചെയ്ത 1,675 കോടി രൂപയിൽ സർവീസ് റോഡിന്റെ നിർമാണം ഉൾപ്പെടുത്തിയിട്ടില്ലത്രേ.
ആലപ്പുഴ ഭാഗത്തുനിന്ന് തുറവൂരിലെത്തുന്ന വാഹനങ്ങൾ തുറവൂർ - കുമ്പളങ്ങി റോഡ് വഴി തിരിച്ചുവിടുന്നതിനും എറണാകുളം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങളെ അരൂക്കുറ്റി റോഡ് വഴി തിരിച്ചുവിടുന്നതിനും ആലോചിച്ചിച്ചെങ്കിലും പ്രായോഗിക തലത്തിൽ നടപ്പാക്കാൻ കഴിയാതിരുന്നതും അധികൃതരുടെ വീഴ്ചയാണ്. ടൺ കണക്കിന് ഭാരമുള്ള വലിയ വാഹനങ്ങൾ താങ്ങാനുള്ള റോഡുകൾ ഇവിടെയില്ല.
വലിയ കണ്ടെയ്നർ ലോറികൾക്ക് വളഞ്ഞു തിരിഞ്ഞ് കയറാനും വഴികൾക്ക് സ്ഥലമില്ലാത്തതും തടസ്സമുണ്ടാക്കി. എന്നിട്ടും ഈറോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടാനുള്ള മുന്നൊരുക്കങ്ങൾക്കും റോഡ് പുനർ നിർമിക്കുന്നതിനുമായി ആറ് കോടിയിലധികം രൂപ ചെലവഴിച്ചെന്നാണ് നിർമാണ കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വലിയ വാഹനങ്ങൾ ദേശീയപാതയിലൂടെ കടത്തിവിട്ടു ചെറിയ വാഹനങ്ങളെ സമാന്തര പാതകളിലൂടെ തിരിച്ചുവിടുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാനാകുമായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിഥി തൊഴിലാളികളെ ട്രാഫിക് ജോലികൾ ഏൽപ്പിക്കുന്നതിന് പകരം, പൊലീസ് തന്നെ ഗതാഗത നിയന്ത്രണം ഏറ്റെടുക്കാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അരൂർ-തുറവൂർ യാത്രക്ക് രണ്ടു മണിക്കൂർ
ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെ സഞ്ചരിക്കാൻ നിർമാണത്തിനു മുൻപ് കേവലം 15 മിനിറ്റ് മാത്രം മതിയായിരുന്നു. നിർമാണം തുടങ്ങിയതോടെ ഇപ്പോൾ തുറവൂരിൽ നിന്ന് അരൂരിലെത്താൻ രണ്ട് മണിക്കൂറിലേറെ വേണം. നിർമാണത്തിനു മുമ്പ് ദേശീയപാതയുടെ വീതി 45 മീറ്റർ ആയിരുന്നു.
ഉയരപ്പാതയുടെ തൂണുകൾ നിർമിക്കുന്നതിന് വേണ്ടി നിർമാണ കമ്പനി, ഇരുമ്പ് ഷീറ്റു കൊണ്ട് കെട്ടിയടച്ചെടുത്തത് 25 മീറ്റർ റോഡാണ്. ബാക്കിയുള്ള 20 മീറ്റർ റോഡ് ആണ് ഗതാഗതത്തിനായി അനുവദിച്ചത്. ഇരുഭാഗത്തും കേവലം 10 മീറ്റർ വീതം റോഡാണ് ദേശീയപാതയിലെ തിരക്കേറിയ ഗതാഗതത്തിന് അനുവദിച്ചത്.