ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പിടിയിൽ
text_fieldsകുര്യാക്കോസ്
അരൂർ: ദീര്‍ഘകാലമായി ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട എറണാകുളം, കൈപ്പട്ടൂര്‍, പൂവത്ത് ബെന്നി എന്ന് വിളിക്കുന്ന കുര്യാക്കോസി(36)നെ അരൂര്‍ പൊലീസ് സാഹസികമായി പിടികൂടി. 2007-ല്‍ അരൂര്‍ സ്റ്റേഷന് പരിധിയില്‍ നിന്നും ടാക്സി കാര്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഇയാൾ വളരെ കാലമായി ഒളിവിലായിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്റ്റേഷന് പരിധിയിലെ ഉറുമി ഡാമിന് സമീപത്തെ കാട് നിറഞ്ഞ പാറക്കൂട്ടത്തിനിടയില്‍ നിന്നാണ് അതിസാഹസികമായി പിടികൂടിയത്. ഇവിടെ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ഇയാള്‍ ആലപ്പുഴയില്‍ നടന്ന ഗുണ്ടാസംഗമത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഭായി നസീര്‍, തമ്മനം ഫൈസല്‍, ഗുണ്ടാ മനാഫ്, വെടി മരം ശ്യാം, ചുക്ക് നജീബ് എന്നീ കുപ്രസിദ്ധ ഗുണ്ടകളുടെ അനുയായിയായ ഇയാള്‍ക്ക്, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട് വിവിധ കേസുകളുണ്ട്. കൊലപാതക ശ്രമം, വീട് കയറി ആക്രമണം, അനധികൃതമായി ആയുധം സൂക്ഷിക്കല്‍ എന്നിവയാണവ. കാട്ടില്‍ മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അരൂര്‍ എസ്.എച്ച്.ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ എസ്.ഐ. ഗീതുമോള്‍, ഉദ്യോഗസ്ഥരായ റിയാസ്, ടെല്‍സണ്‍, രതീഷ്, ലിജു എന്നിവയാണ് അന്വഷണ സംഘാംഗങ്ങള്‍.