ഈണം മറക്കാത്ത ഓണപ്പാട്ടുകൾ
text_fieldsപാട്ടെഴുത്തുകാരൻ രാധാകൃഷ്ണനൊപ്പം ദലീമ എം.എൽ.എ, സംഗീതം ചെയ്ത അരൂർ കാർത്തികേയൻ.
അരൂർ: ‘ഓർമതൻ തൊടിയിൽ നിന്നൊരുവട്ടി പൂവിറുത്തോണപ്പൂക്കളം തീർത്തൂ’. കാൽനൂറ്റാണ്ടിനുമുമ്പ് അരൂർ വടക്കേ കാരക്കാപറമ്പിൽ രാധാകൃഷ്ണൻ സുഹൃത്ത് ശിവന്റ പ്രേരണയിൽ എഴുതിയ എട്ട് ഓണപ്പാട്ടുകളിലൊന്ന് പൊടിതട്ടിയെടുക്കാൻ കാരണം മറ്റൊന്നുമല്ല; ഓണം പലതുകഴിഞ്ഞിട്ടും കാലത്തെ വെല്ലുന്ന പുതുമ തന്നെ. ഓണത്തിന്റ ഓർമകൾ ഉണർത്തുന്ന പാട്ടുകൾ വേറെ കേൾക്കാൻ കഴിഞ്ഞില്ലെന്ന് പുനരാവിഷ്കാരത്തിനായി ഓടിനടന്ന അശോക് കുമാർ പറയുന്നു.
‘പാട്ടുമലയാളം’ എന്ന യൂട്യൂബ് ചാനലിൽ പാട്ടിന്റെ ദൃശ്യാവിഷ്കാരം ആഗസ്റ്റ് 18ന് ഓർമപ്പൂക്കളം എന്ന പേരിൽ റിലീസ് ചെയ്തു. കാൽനൂറ്റാണ്ടിനു മുമ്പ് എഴുതി സംഗീതം ചെയ്ത ഗാനങ്ങൾ പുതിയ സാങ്കേതിക സംവിധാനത്തിൽ പുനരാവിഷ്കരിക്കാൻ പഴയ ശിൽപികൾ തന്നെ ഒത്തുകൂടിയത് ഓണമായി. രാധാകൃഷ്ണന് കോളജ് പഠനകാലത്ത് കവിതയെഴുത്തിലായിരുന്നു കമ്പം. 1984ലെ മികച്ച കേരള യൂനിവേഴ്സിറ്റി മാഗസിനായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് ആൽബർട്സ് കോളജ് മാഗസിനിലെ ആമുഖ കവിതയെഴുതി കോളജിൽ തിളങ്ങി. ’92ൽ വൈദ്യുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചതോടെ എഴുത്തും വായനയും കുറഞ്ഞു.
2000ത്തിൽ തൃശൂർ ആകാശവാണിയിൽ ലളിതസംഗീത പാഠത്തിന് പാട്ടുവേണമെന്ന് സംഗീത വിദ്വാനായ അരൂർ പി.കെ. മനോഹരൻ പറഞ്ഞത് വഴിത്തിരിവായി. മകളെ എഴുത്തിനിരുത്തിയപ്പോൾ മനസ്സിൽ കുറിച്ചിട്ട കവിത അന്ന് കൈമാറി. ‘ഹരിശ്രീ കുറിക്കുന്നുനിന്നിളം നാവിൽ ഞാൻ ആദ്യക്ഷരം കുറിക്കുന്നു’ എന്നു തുടങ്ങുന്നതായിരുന്നു അത്. കവിത ബഹുകേമം. പക്ഷേ, പാട്ടിനുകൊള്ളില്ലെന്ന് മനോഹരൻ പറഞ്ഞു.
ലളിതഗാനത്തിന്റെ സ്വഭാവമുള്ള പാട്ട് വേണം. തുടർന്ന് എഴുതിയ ‘ഒരുമിഴിയാട്ടത്തിൽ മനമിളകി, എന്റെ പ്രണയക്കിനാക്കൾ തിരയിളക്കി’ ഇത് ഇഷ്ടപ്പെട്ടതോടെ രാധാകൃഷ്ണൻ പാട്ടെഴുത്തിന് പാകമാകുകയായിരുന്നു. തുടർന്ന് സുഹൃത്തും ബന്ധുവുമായ ഇപ്പോൾ മാധ്യമപ്രവർത്തകനുമായ എൽ.എസ്. അശോക് കുമാറിന്റെ ആഗ്രഹപ്രകാരം 25 വർഷം മുമ്പ് ഓണപ്പാട്ടുകളുടെ ആൽബം വിഭാവനം ചെയ്ത് എഴുതിയ എട്ടുപാട്ടുകളിൽ ഒന്നാണ് ഇപ്പോൾ ദലീമയുടെ ആലാപനത്തിൽ കേൾക്കുന്നത്.