തിരക്കിൽ ശ്വാസംമുട്ടി യാത്രക്കാർ വികസനത്തിന്റെ ചൂളംവിളിയില്ലാതെ തീരദേശ റെയിൽപാത
text_fieldsഅരൂർ റെയിൽവേ സ്റ്റേഷൻ , അരൂർ റെയിൽവേ സ്റ്റേഷനിൽ പാളം ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നു
അരൂർ: തീരദേശ റെയിൽപാത ഒട്ടേറെ പ്രതീക്ഷകളോടെയാണ് മൂന്നര പതിറ്റാണ്ടിനു മുമ്പ് ചൂളംവിളിച്ച് തുടങ്ങിയത്. പാത ഇരട്ടിപ്പിക്കലിന്റെ ജോലികൾ തകൃതിയാകുമ്പോഴും തീരവാസികൾ ആശങ്കയിൽ തന്നെ. ഉയരപ്പാത നിർമാണം ദേശീയപാതയിലെ ഗതാഗതം സങ്കീർണമാക്കുമ്പോഴും ട്രെയിനുകളെ ആശ്രയിക്കാൻ അരൂരിലെ തീരവാസികൾക്ക് കഴിയുന്നില്ല.
യാത്രാക്ലേശം തീരദേശ റെയിൽവേയിലും രൂക്ഷമാകുന്നതാണ് കാരണം. ആലപ്പുഴ ഭാഗത്തുനിന്ന് ദിവസവും തിങ്ങിഞെരുങ്ങി വിവിധ ആവശ്യങ്ങൾക്ക് എറണാകുളത്തെത്തി മടങ്ങുന്നത് ആയിരങ്ങളാണ്. തിരക്ക് കുറക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ നിലവിലുള്ളവയിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയോ ചെയ്യണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഹരിപ്പാട്, അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് പുലർച്ച സ്ഥിരംയാത്രക്കാർക്ക് എറണാകുളം ഭാഗത്തേക്കുള്ള പോകാനുള്ളത് ഏറനാട് എക്സ്പ്രസാണ്. ആലപ്പുഴയിൽനിന്ന് രാവിലെ ആറിന് ധൻബാദ് എക്സ്പ്രസും 7.25ന് ആലപ്പുഴ-എറണാകുളം മെമുവുമുണ്ട്. ഇതിൽ ആലപ്പുഴ-എറണാകുളം മെമുവിലാണ് തിരക്കേറെ. നിറയെ യാത്രക്കാരുള്ള ഈ ട്രെയിൻ 20 മിനിറ്റോളം തുറവൂരിൽ പിടിച്ചിടും. ഈ സമയത്ത് ശ്വാസംമുട്ടുന്ന അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു.
ആലപ്പുഴ-ധൻബാദ് എക്സ്പ്രസിലും എറണാകുളം വരെ നല്ല തിരക്കാണ്. വൈകീട്ട് ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രയും ദുരിതമാണെന്ന് യാത്രക്കാർ. വൈകീട്ട് നാലിന് ആലപ്പുഴ മെമു, 4.20ന് ഏറനാട് എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ വൈകീട്ട് 6.25നുള്ള എറണാകുളം-കായംകുളം പാസഞ്ചറാണ് സ്ഥിരംയാത്രക്കാർക്ക് ആശ്രയം.
വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ ഈ ട്രെയിൻ കുമ്പളം സ്റ്റേഷനിൽ പിടിച്ചിടും. മുമ്പ് രാത്രി 7.30ന് ആലപ്പുഴയിൽ എത്തിയിരുന്ന ട്രെയിൻ എട്ടിന് ശേഷമാണ് ഇപ്പോൾ എത്തുന്നതെന്നും പറയുന്നു. ചേർത്തല ഒഴികെയുള്ള സ്റ്റേഷനുകളിൽ സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. ഇവ ഏഴരയോടെ സർവിസ് അവസാനിപ്പിക്കും.
കുമ്പളം, അരൂർ, തുറവൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽനിന്ന് രാത്രി ബസ് കിട്ടുന്ന സ്ഥലത്ത് എത്താൻ ഏറെ നടക്കണം. കായംകുളം പാസഞ്ചറിന്റെ സമയക്രമം മാറ്റിയതോടെയാണ് യാത്രക്കാർ വലയുകയാണ്. ഈ വിഷയങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യാത്രക്കാരുടെ സംഘടന പ്രതിനിധികൾ പറഞ്ഞു.
അരൂർ സ്റ്റേഷനിൽ വികസനം വേണം
തീരദേശപാതയിലെ പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടായിരുന്ന സ്റ്റേഷൻ അരൂർ ആയിരുന്നു. എന്നാൽ, കോവിഡിനെത്തുടർന്ന് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കുകയും കോവിഡിനുശേഷം അവ എക്സ്പ്രസ് എന്ന പേരിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, പല സ്റ്റോപ്പും എടുത്ത് കളഞ്ഞ് റെയിൽവേയുടെ സൗകര്യത്തിനും സമയത്തിനും ട്രെയിൻ ഗതാഗതം ക്രമപ്പെടുത്തി. ഇതുമൂലം യാത്രക്കാർ ട്രെയിനുകളെ ആശ്രയിക്കാതായി.
കണ്ണമാലി, കണ്ടക്കടവ്, കുമ്പളങ്ങി, എഴുപുന്ന വടക്ക്, അരൂർ, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, ഇടക്കൊച്ചി മേഖലയിലെ യാത്രക്കാർക്ക് ഉപകരിക്കുന്ന അരൂർ റെയിൽവേ സ്റ്റേഷൻ കോവിഡിനുശേഷം അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കുമ്പളങ്ങി-അരൂർ പാലം പൂർത്തിയാകുമ്പോൾ തെക്ക്-പടിഞ്ഞാറ് കൊച്ചിയിലെ ജനങ്ങൾക്ക് അരൂർ വഴി, തീരദേശ റെയിൽവേയും ദേശീയപാതയും എളുപ്പം പ്രാപ്യമാകും. പക്ഷേ, തീരദേശത്തെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാതെ ട്രെയിനുകൾ ചൂളംവിളിച്ച് പോകുന്നു എന്നതാണ് വാസ്തവം. റെയിൽവേ അടിയന്തര പ്രാധാന്യത്തോടെ അരൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം പാതയുള്ള ഒരു ക്രോസിങ് സ്റ്റേഷനായി ഉയർത്തണം. കൊല്ലം-മെമു, കായംകുളം-മെമു എന്നിവയുടെ സ്റ്റോപ്പുകൾ ഉടൻ പുനഃസ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ഉയരുന്നുണ്ട്.


