പൊക്കാളിപാടങ്ങൾ സമ്പൂർണ ചെമ്മീൻകൃഷിയിലേക്കിറങ്ങുന്നു
text_fieldsഅരൂർ മേഖലയിലെ തരിശായി കിടക്കുന്ന കതിരുകാണാപാടങ്ങളിൽ ഒന്ന്
അരൂർ: പാടങ്ങളിൽ ഒരു നെല്ലും ഒരു മീനും എന്ന സർക്കാർ നയം മാറുന്നതിന് കളമൊരുങ്ങുന്നു. ഇതിനുവേണ്ടിവാദിച്ചുവന്ന സി.പി.എം ഇപ്പോൾ ചെമ്മീൻകൃഷിക്ക് അനുകൂലമായി നിലപാട് മാറ്റുകയാണ്. ഇതനുസരിച്ച് സർക്കാറിന്റെ നയവും മാറുമെന്നാണ് സൂചന. അരൂർ മണ്ഡലത്തിൽ വനാമി ചെമ്മീൻ കൃഷി വ്യാപകമാക്കുന്നതിന് സി.പി.എം മൗനസമ്മതം നൽകിയിട്ടുണ്ട്. ചെമ്മീൻ കൃഷിക്കായി ഒരുക്കം നടത്താൻ പാർട്ടിയുടെ വർഗ - ബഹുജന സംഘടനകൾക്ക് നേതൃത്വം നിർദേശം നൽകി. അരൂർ മണ്ഡലത്തിൽ മാത്രം ഹെക്ടർകണക്കിന് പൊക്കാളി പാടശേഖരങ്ങളാണുള്ളത്.
പൊക്കാളിപാടങ്ങളിൽ ഒരു നെല്ലും ഒരുമീനും എന്നതായിതുന്നു ഇതുവരെ നയം. മത്സ്യകൃഷി കഴിഞ്ഞാൽ ഇടവേളകളിൽ നെൽകൃഷി നടത്തണമെന്നും ഇല്ലെങ്കിൽ മത്സ്യകൃഷി നടത്താതെ പാടം ഒഴിച്ചിടണം എന്നുമായിരുന്നു മുൻ തീരുമാനം. മത്സ്യകൃഷി വ്യാപകമാക്കാനുള്ള ശ്രമങ്ങൾ ശക്തമായപ്പോൾ സി.പി.എം മൗനമായി അതനുവദിക്കുകയായിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് സി.പി.എമ്മും അനുബന്ധ സംഘടനകളും വന്നില്ല. ഇപ്പോൾ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ‘വനാമി ചെമ്മീൻ കൃഷി കേരളത്തിലെ സാധ്യത’ എന്ന വിഷയത്തെ ആസ്പദമാക്കി ചന്തിരൂരിൽ മെയിൽ സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. ഒരുനെല്ലും ഒരു മീനും എന്ന നയം മാറ്റുന്നതിനെ ഇതുവരെ എതിർത്തുവന്ന കെ.എസ്.കെ.ടി.യുവും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. മേഖലയിലെ സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങൾ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാനാണ് വനാമി ചെമ്മീൻ കൃഷി വ്യപാപകമാക്കാൻ നീക്കം നടക്കുന്നത്. കടലിൽ നിന്നുള്ള ചെമ്മീൻ ഇനങ്ങളുടെ ലഭ്യതക്കുറവും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെമ്മീനിന്റെ വരവ് കുറഞ്ഞതും നിമിത്തം പ്രദേശത്തെ ചെമ്മീൻ ഫാക്ടറികൾ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് ചെമ്മീൻകൃഷി വ്യാപകമാക്കാൻ നീക്കം നടക്കുന്നത്.
മത്സ്യ സംസ്കരണ കയറ്റുമതിയിലൂടെ സൃഷ്ടിക്കുന്ന തൊഴിലും വരുമാനവും വിദേശനാണ്യവും വലിയതോതിൽ കുറയുന്ന അന്തരീക്ഷത്തിലാണ് വ്യവസായം കേരളത്തിൽ പിടിച്ചുനിർത്താൻ പുതിയ ശ്രമം നടത്തുന്നത്. മത്സ്യ കയറ്റുമതി രംഗത്ത് കേരളം ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. നഷ്ടപ്പെട്ട പ്രഥമസ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണിതെന്ന് പാർട്ടിയിലെ ചില നേതാക്കൾ പറയുന്നു. കേരളത്തെ പിന്നിലാക്കി വനാമി ചെമ്മീനിന്റെ ഉൽപാദനത്തിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആന്ധ്രക്കാണ് കയറ്റുമതിയിലും ഒന്നാം സ്ഥാനം.
ഓരു ജലവും തരിശുപാടശേഖരവും സമൃദ്ധമായ അരൂർ മേഖലയിൽ വനാമി ചെമ്മീൻ കൃഷിക്കും മത്സ്യകൃഷിക്കും വിപുലമായ സാധ്യതകളുണ്ട്. പദ്ധതി വിജയിച്ചാൽ കൃഷി ചെയ്യുന്ന കർഷകർക്കും അനുബന്ധ മേഖലയിലുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്കും രക്ഷയാകുമെന്ന് കയറ്റുമതിക്കാർ പറയുന്നു. അരൂർ മണ്ഡലത്തിൽ 5000 ഹെക്ടർ പാടശേഖരത്തിൽ ഭൂരിഭാഗവും തരിശായികിടക്കുകയാണ്.
10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. മത്സ്യ സംസ്കരണ കയറ്റുമതി വ്യവസായം ഏറ്റവും കൂടുതൽ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് അരൂരിലാണ്. വനാമി ചെമ്മീൻ കൃഷി വ്യാപകമായി നടത്തുന്ന ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വനാമി ചെമ്മീൻ എത്തുന്നത്.
നഷ്ടം കുറക്കാൻ ചെമ്മീൻകൃഷി അനിവാര്യം
ഒരു ലോഡ് ചെമ്മീൻ കേരളത്തിൽ എത്തുമ്പോൾ അഞ്ച് ലക്ഷത്തിലധികം രൂപ വാഹന ചെലവ് വരും. ആന്ധ്രയിൽ പീലിംഗ് വേതനം കേരളത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതു രണ്ടുംമൂലമുണ്ടാകുന്ന നഷ്ടം കേരളത്തിൽ വനാമി ചെമ്മീൻ ഉത്പാദിപ്പിച്ചാൽ മറികടക്കാനാവുമെന്ന് ചേമ്പർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രി സംസ്ഥാന പ്രസിഡന്റ് ജെ.ആർ. അജിത്ത് പറഞ്ഞു.
സംഘടന 40 ലക്ഷം രൂപ ചെലവഴിച്ച് സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തി അരൂർ മേഖലയിൽ വനാമി കൃഷി അനിവാര്യമാണെന്നുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തരിശ് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും നെൽകൃഷി അസാധ്യം -കെ.എസ്.കെ.ടി.യു
തരിശ് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും നെൽകൃഷി അസാധ്യമാണെന്നും മത്സ്യകൃഷി നടത്തണമെന്നു തന്നെയാണ് യൂനിയന്റെ നിലപാടെന്നും കർഷകത്തൊഴിലാളി യൂനിയൻ അരൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാർ പറയുന്നു. ഹെക്ടർ കണക്കിന് നെൽപ്പാടങ്ങൾ കൃഷിയില്ലാതെ കിടക്കുന്നത് സംഘടനയ്ക്കും വിഷമമുള്ള കാര്യമാണ്.
സാധ്യമായ കുറെ സ്ഥലമെങ്കിലും കൃഷിക്ക് ഉപയോഗിക്കണമെന്ന് തന്നെയാണ് യൂനിയന്റെ നിലപാട്. വരുമാനം ഇല്ലാതെ കിടക്കുന്ന നെൽപ്പാടങ്ങൾ കർഷകർക്കും ബാധ്യതയായി മാറിയിട്ടുണ്ട്. ചുരുക്കം ചിലരുടെ കൈകളിലേക്ക് വരുമാനം പോകുന്നത് തൊഴിലാളികൾക്കും നഷ്ടമാണ്. കൃഷി ചെയ്യാതെ പാടങ്ങൾ കിടക്കുമ്പോഴും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മത്സ്യകൃഷി വ്യാപകമാക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണം.
അതിനുവേണ്ടിയാണ് സി.ഐ.ടി.യു സെമിനാർ നടത്തുന്നത്. മത്സ്യപ്പാട ശേഖരങ്ങൾക്കരികിലെ കർഷക തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാനും കർഷക തൊഴിലാളികൾക്ക് കൃഷിപ്പാടങ്ങളിൽ ജോലി നൽകുവാനും തീരുമാനം ഉണ്ടാകണമെന്നും സുരേഷ്കുമാർ പറഞ്ഞു.