ഉയരപ്പാത നിര്‍മാണ സ്ഥലത്ത് അഴുക്കുപുരണ്ട ദേശീയപതാക: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsചന്തിരൂർ സാന്റാക്രൂസ് സ്കൂളിന് മുന്‍ഭാഗത്ത് ഉയരപ്പാത നിർമാണ സ്ഥലത്ത് അഴുക്കുപുരണ്ട ദേശീയപതാക
അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് ബുധനാഴ്ച രാത്രി എത്തിച്ച ലോഞ്ചിങ് ഗ്യാന്‍ട്രിയുടെ ഭാഗത്തോട് ചേര്‍ന്ന് അഴുക്കുപുരണ്ട നിലയില്‍ ദേശീയപതാക കണ്ടെത്തി.
വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അഴിച്ച് മാറ്റി. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്തിരൂർ സാന്റാക്രൂസ് സ്കൂളിന് മുന്‍ഭാഗത്ത് ദേശീയപാതയിലാണ് സംഭവം.
ലോഞ്ചിങ് ഗ്യാന്ട്രിയോടുബന്ധിച്ച് ചില ഭാഗങ്ങള്‍ റോഡിന് നടുവിലാണ് ഇറക്കിയിരുന്നത്. ഇതിനോട് ചേര്‍ന്ന ഇരുമ്പുകമ്പിയില്‍ പി.വി.സി പൈപ്പില്‍ ഉയര്‍ത്തിയ നിലയിലായിരുന്നു ദേശീയപതാക. സ്വാതന്ത്ര്യദിനത്തില്‍ ഉയര്‍ത്തിയതാകാം ഇതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ഭക്ഷണ വിതരണത്തിന് പോയ യുവാക്കളാണ് സംഭവം കണ്ട് ചിത്രങ്ങള്‍ എടുത്തത്. ചിത്രങ്ങള്‍ ഉടന്‍ തന്നെ ഇവര്‍ ഹോട്ടലുടമക്ക് കൈമാറി.
ഇദ്ദേഹമാണ് സുഹൃത്തുവഴി അരൂര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് അഴുക്കുപുരണ്ട ദേശീയപതാക അഴിച്ചു മാറ്റി. എസ്.ഐ. ഗീതുമോളാണ് വിഷയം അന്വേഷിക്കുന്നത്.