വിസ്മയമായി രാധാകൃഷ്ണന്റെ കരവിരുത്
text_fieldsരാധാകൃഷ്ണൻ തന്റെ സൃഷ്ടികൾക്കൊപ്പം
അരൂർ: രാധാകൃഷ്ണന്റെ കരവിരുതിൽ കാഴ്ചക്ക് കൗതുകമുണർത്തുന്ന പാത്രങ്ങളും വിളക്കുകളും മറ്റനേകം കമനീയ വസ്തുക്കളുമാണ് രൂപംകൊള്ളുന്നത്. സിവിൽ എൻജിനീയറായ രാധാകൃഷ്ണന് കരകൗശലവേലകൾക്ക് സമയം കിട്ടിയിരുന്നില്ല. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ചെറുപ്പം മുതലേ അടക്കിവെച്ച കരവിരുത് പുറത്തെടുക്കാൻ കഴിഞ്ഞത്.
അരൂർ പഞ്ചായത്തിലെ ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനരികിലെ വീടിനോട് ചേർന്നുള്ള ‘ആചാര്യ’ എന്ന ഫർണീച്ചർ വർക്ഷോപ്പാണ് പണിശാല. പ്ലാവ്, മഹാഗണി, തേക്ക് തുടങ്ങിയ മരങ്ങളുടെ കാതൽ തെരഞ്ഞെടുത്ത് രൂപഭംഗി വരുത്തി, ചിലത് ഒട്ടിച്ചുചേർത്തും കടഞ്ഞ് യോജിപ്പിച്ചും മനോഹരങ്ങളായ ലോഹപാത്രങ്ങളോട് സാമ്യമുള്ള കിണ്ടി, ഉരുളി, തൂക്കുവിളക്ക്, നിലവിളക്ക് തുടങ്ങിയ കൗതുകവസ്തുക്കൾ രൂപപ്പെടുത്തുന്നു.
രാധാകൃഷ്ണന്റെ കരകൗശല വസ്തുക്കൾ
അഞ്ചടി ഉയരമുള്ള നിലവിളക്ക് തടിയിൽ രൂപപ്പെടുത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് രാധാകൃഷ്ണൻ പറയുന്നു.
വീടുകളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മറ്റും തന്റെ സൃഷ്ടികൾ വാങ്ങിക്കൊണ്ടുപോകാറുണ്ട്. കൊണ്ടുപോകാനുള്ള സൗകര്യത്തിന് വേണ്ടി അഴിച്ചെടുക്കാൻ കഴിയുംവിധമാണ് നിർമാണം. ഭാര്യ ഗീതയും ഉദ്യോഗസ്ഥരായ മക്കളും പിതാവിന്റെ കരകൗശല വേലകളിൽ ഒപ്പമുണ്ട്.