റെയിൽവേ ഇരട്ടപ്പാത;അരൂരിൽ പ്രതീക്ഷയുടെ ചൂളംവിളി
text_fieldsഅരൂർ റെയിൽവേ സ്റ്റേഷൻ
അരൂർ: തീരദേശ റെയിൽവേ ഇരട്ടപ്പാതയാക്കാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇരട്ടപ്പാത വികസനത്തിന്റെ സ്ഥലമെടുപ്പ് പൂർത്തിയായി. അരൂർ-കുമ്പളം റെയിൽവേ പാലം പണി തുടങ്ങാനിരിക്കുന്നു. നിർമാണം പൂർത്തിയാകുന്നതോടെ അരൂർ റെയിൽവേ സ്റ്റേഷൻ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് നാട്.
ഇരട്ടപ്പാതയുടെ പ്രവൃത്തികൾക്കൊപ്പം റെയിൽവേ സ്റ്റേഷനും വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഉന്നതങ്ങളിൽ ഒറ്റക്കും കൂട്ടായും നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
1989ലാണ് എറണാകുളം-കായംകുളം തീരദേശ റെയിൽപാത നിലവിൽ വന്നത്. സ്ഥലമെടുപ്പ് ജോലികൾ നടക്കുമ്പോൾ തന്നെ അരൂർ ബി ക്ലാസ് സ്റ്റേഷനായി ഉയർത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സമീപ സ്റ്റേഷനുകളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ സ്ഥലം റെയിൽവേ സ്റ്റേഷന് വേണ്ടി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
റെയിൽവേ ക്വാർട്ടേഴ്സും ഹാൾട്ടിങ് സ്റ്റേഷനും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളായിരുന്നു ലക്ഷ്യം. എന്നാൽ, നിർമാണവേളയിലുണ്ടായ ചില തൊഴിൽ തർക്കങ്ങൾ മൂലം ഡി ക്ലാസ് സ്റ്റേഷനാക്കി റെയിൽവേ ഉദ്യോഗസ്ഥർ അരൂരിനെ തരംതാഴ്ത്തുകയായിരുന്നു. നിർമാണ കരാർ ഏറ്റെടുത്തിരുന്നുവരും ഇതിനുകൂട്ടുനിന്നതായി പിന്നീട് പുറത്തുവന്നു.
സമീപത്തെ സ്റ്റേഷനുകളിലെ വികസനങ്ങൾപോലും അരൂരിൽ ഉണ്ടായില്ല. വ്യവസായ കേന്ദ്രം, കെൽട്രോൺ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം, പെരുമ്പളം, പാണാവള്ളി, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ തീരമേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് സ്റ്റേഷൻ പ്രയോജനപ്പെടുമായിരുന്നു. അരൂർ പഞ്ചായത്തിലെ ജനങ്ങൾക്കുപോലും സ്റ്റേഷൻ പ്രയോജനപ്പെട്ടില്ല.
ലാഭകരമല്ലാത്ത സ്റ്റേഷനാണെന്ന പേരിൽ ഇവിടെയുള്ള ടിക്കറ്റ് കൗണ്ടർ വരെ ഇല്ലാതാക്കി. ടിക്കറ്റ് വിതരണത്തിന് ഹാൾട്ട് ഏജന്റുമാരെ നിയമിക്കാൻ റെയിൽവേ ടെൻഡർ വിളിച്ചിരിക്കുകയാണ്. ആദായകരമല്ലാത്ത ചെറുകിട സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തുന്നതിന് മുന്നോടിയായാണ് ടിക്കറ്റ് വിതരണം കരാറുകാർക്ക് കൈമാറുന്നതെന്ന് ആശങ്കയുണ്ട്.
ഇപ്പോൾ വൈകുന്നേരവും രാവിലെയുമുള്ള രണ്ടു പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് അരൂരിൽ നിർത്തുന്നത്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും മെമു ട്രെയിനുകൾനിർത്തുകയും ചെയ്യുന്ന സ്റ്റേഷനായി അരൂരിനെ മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ദീർഘദൂര ട്രെയിനുകൾ നിർത്തിയില്ലെങ്കിലും എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ അവസാനിക്കുന്ന ട്രെയിനുകൾക്കെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇരട്ടപ്പാത വികസനത്തിനോടൊപ്പം അരൂരിൽ ട്രെയിൻ പിടിച്ചിടാനുള്ള സംവിധാനവും ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ സ്റ്റേഷൻ വികസിക്കുകയുള്ളൂ. ത്രിതല പഞ്ചായത്ത് അധികാരികൾ മുതൽ എം.എൽ.എ, എം.പി വരെയുള്ള ജനപ്രതിനിധികൾ വിഷയം ഗൗരവമായി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.