അരൂർ മേഖലയിൽ ഭീഷണിയായി തെരുവുനായ്ക്കൾ
text_fieldsഅരൂർ പള്ളി ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ്ക്കൾ
യാത്രക്കാരനെ പിന്തുടർന്നപ്പോൾ
അരൂർ: അരൂർ മേഖലയിൽ പെരുകുന്ന തെരുവ് നായ്ക്കൾ ജീവന് ഭീഷണിയാവുന്നു. നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ പഞ്ചായത്തുകളിൽ നിന്ന് വന്ധ്യംകരണത്തിനുള്ള നടപടികൾ മാത്രമാണ് നടക്കുന്നത്. കഴിഞ്ഞമാസം അരൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാഹനങ്ങളിൽ എത്തിയ സംഘം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയെന്നാണ് അധികൃതർ പറയുന്നത്.
മാർക്കറ്റുകളിലും ഇടവഴികളിലും ആളൊഴിഞ്ഞ പറമ്പുകളിലും ആൾതാമസമില്ലാത്ത വീടുകളിലും നായ്ക്കൾ തമ്പടിച്ചിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളെയും പുലർച്ചെ പത്രം വിതരണം ചെയ്യുന്നവരെയും ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. സൈക്കിളുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും പുറകെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
കൊച്ചി മേഖലയിൽ നിന്നും വാഹനങ്ങളിൽമുന്തിയ ഇനം നായ്ക്കളെ അരൂരിൽ നട തള്ളുന്നതും പതിവാണ്. പുതിയയിനം നായ്ക്കളെ വാങ്ങുന്നവർ വയസ്സായ നായ്ക്കളെ വീടുകളിൽ നിന്ന് പുറത്തുകളയുന്നു. അരൂർ മേഖലയിലെ വീടുകളിൽ നിന്നും പുറത്താക്കപ്പെടുന്ന നാടൻ നായ്ക്കൾക്ക് പുറമേയാണിത്.
വഴികളിലൂടെയും റോഡുകളിലൂടെയും ഒറ്റയ്ക്ക് നടക്കാൻ മുതിർന്നവർക്കും ഭയമാണിപ്പോൾ. എവിടെ പോകാനും ഓട്ടോറിക്ഷ വിളിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ പോലും. പ്രഭാത സവാരിക്കാരുടെ എണ്ണം ഇതുമൂലം കുറഞ്ഞിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെക്കുറിച്ചും ശല്ല്യത്തെക്കുറിച്ചും പരാതി പറയാൻ പോലും സ്ഥലമില്ലാത്തതാണ് നാട്ടുകാരെ അങ്കലാപ്പിലാക്കുന്നത്.