പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി
text_fieldsചന്തിരൂരിൽ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
അരൂർ: ചന്തിരൂർ പാലത്തിന് വടക്കേക്കരയിൽ കിഴക്കുഭാഗത്ത് മണ്ണുമാന്തിയന്ത്രംകൊണ്ട് കുഴിയെടുക്കുമ്പോൾ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ആയിരക്കണക്കിനു ലിറ്റർ വെള്ളം പാഴായി. ബുധനാഴ്ച രാവിലെയാണ് സംഭവം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. നിർമാണ സ്ഥലത്ത് പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. തുറവൂരും പരിസരത്തും കഴിഞ്ഞ ദിവസങ്ങളിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു.
മെയിൻ പൈപ്പാണ് പൊട്ടുന്നതെങ്കിൽ അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും. എട്ടു പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുതവണ മെയിൻ പൈപ്പിന്റെ ചോർച്ച മാറ്റാൻ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു. ഉയരപ്പാത നിർമാണം ആരംഭിച്ചപ്പോൾ തന്നെ കരാർ കമ്പനി അധികൃതരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ധാരണയോടെ വേണം നിർമാണപ്രവർത്തനം നടത്താനെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇതൊന്നും വകവെക്കാതെയുള്ള നിർമാണമാണ് നടത്തുന്നത്.


