അരൂരിലെ ഗതാഗതക്കുരുക്ക്; വലിയ വാഹനങ്ങൾ തടയുന്നു
text_fieldsകുമ്പളം ടോൾ പ്ലാസയിൽ തടഞ്ഞിട്ടിരിക്കുന്ന
വലിയ വാഹനങ്ങൾ
അരൂർ: അരൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വലിയ വാഹനങ്ങളെ ദേശീയപാതയിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ കർശന നടപടിയാണിത്. കുമ്പളം ടോൾ പ്ലാസയിലാണ് വലിയ വാഹനങ്ങൾ തടയുന്നത്. രണ്ടുദിവസമായി നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്.
ഇതുമൂലം കുമ്പളത്ത് നിരവധി വാഹനങ്ങൾ കെട്ടിക്കിടക്കുകയാണ്. കണ്ടെയ്നറുകൾ, ചരക്കുലോറികൾ, ട്രക്കറുകൾ, ടാങ്കർ ലോറികൾ എന്നിവ ഇതിൽപെടും. ഓണക്കാലമായതിനാൽ ആലപ്പുഴ മേഖലയിലേക്ക് നിരവധി വാഹനങ്ങൾ വടക്കൻ പ്രദേശങ്ങളിൽനിന്ന് എത്തുന്നുണ്ട്. ഇവയൊക്കെയാണ് തടയുന്നത്. അങ്കമാലിയിൽനിന്ന് വഴി തിരിഞ്ഞ് കോട്ടയത്തേക്ക് കയറി തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങൾ പോകണമെന്നായിരുന്നു പൊലീസിന്റെ നിർദേശം. ഇത് പാലിക്കപ്പെടാതിരുന്നതിനെ തുടർന്നാണ് പൊലീസിന്റെ ഇടപെടൽ.
കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നതെന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുള്ളതാണ്. പരിഹാരമായി നിർദേശിക്കപ്പെട്ട ഗതാഗത നിയന്ത്രണം പാലിക്കാത്തതാണ് ഇപ്പോഴത്തെ കർശന നടപടിക്ക് കാരണം. കുറച്ചു ദിവസങ്ങളായി അരൂർ-തുറവൂർ ദേശീയപാത വലിയ ഗതാഗതക്കുരുക്കിലാണ്. തുടർന്നുവരുന്ന ദിവസങ്ങളിൽ ഇത് രൂക്ഷമാകാനാണ് സാധ്യത. ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് പൊലീസ് നടപടി കർശനമാക്കിയിരിക്കുന്നത്.