കഞ്ചാവ് കച്ചവടം; കണ്ണികളായ രണ്ടുപേർ കൂടി പിടിയിൽ
text_fieldsസിബയ് ദാസ്, ദീപചെട്ടിയ
അരൂർ: ഒരുകിലോ 900 ഗ്രാം കഞ്ചാവുമായി പിടിയിലായ അസം സ്വദേശി വിപുൽ ചൗധകിന്റെ (35) കൂട്ടുപ്രതികളായ രണ്ടുപേർ കൂടി പിടിയിലായി. അസം സ്വദേശികളായ സിബയ് ദാസ് (27), ദീപചെട്ടിയ (29) എന്നിവരാണ് പിടിയിലായത്. ദീപചെട്ടിയയുടെ ഭർത്താവ് ബിദുപൻ ഗോങ്കയ് (24) കടന്നുകളഞ്ഞു.
ശനിയാഴ്ചയാണ് ചന്തിരൂർ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഐസ് പ്ലാന്റിൽനിന്നും വിപുൽ ചൗധക് അരൂർ പൊലീസിന്റെ പിടിയിലാകുന്നത്. കേസിൽ കൂടുതൽ പേർ കണ്ണികളാണെന്ന് അരൂർ പൊലീസ് പറഞ്ഞു. ദീപചെട്ടിയ ഡിസംബറിൽ എട്ടുകിലോ കഞ്ചാവുമായി പിടിയിലായതാണ്. കഴിഞ്ഞമാസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.
ചന്തിരൂരിൽ വാടകക്കെടുത്ത മുറിയിലാണ് ഇടപാടുകൾ നടക്കുന്നത്. നാട്ടുകാരിൽ ചിലർ ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി നാട്ടുകാർക്കിടയിൽ കച്ചവടം ചെയ്യുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.