ഉയരപ്പാത; സർവിസ് റോഡിൽ സൈക്കിൾ പാതയുടെ നിർമാണം തുടങ്ങി
text_fieldsഅരൂർ-തുറവൂർ ഉയരപ്പാതയുടെ സർവിസ് റോഡിൽ
സൈക്കിൾ പാത ഒരുക്കുന്നു
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കാന പൂർത്തിയായ ഭാഗങ്ങളിൽ സൈക്കിൾ പാതയുടെ നിർമാണം തുടങ്ങി. കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ചാണ് സൈക്കിളുകൾക്ക് സഞ്ചരിക്കാൻ പാതയൊരുക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയുടെ ഇരുവശത്തുമാണ് സൈക്കിൾ പാത. 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ വീതിയിലാണ് നിർമാണം. ഇടറോഡുകളിൽ പാതയിലേക്ക് കയറുന്ന ഭാഗങ്ങളിൽ വീതി കൂടുതലായിരിക്കും.
തുറവൂർ ജങ്ഷന്റെ വടക്കുഭാഗത്ത് 343ാം പില്ലർ നമ്പർ മുതൽ വടക്കോട്ടുള്ള പാതയുടെ ഇരുവശത്തുമാണ് കോൺക്രീറ്റ് ടൈൽ വിരിക്കാൻ തുടങ്ങിയത്. ഇതിനൊപ്പം പാതയുടെ പുനർനിർമാണവും നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ കാനയും പൊതുതോടുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നിർമാണം പൂർത്തിയായിട്ടില്ല.


