വി.എസിനെ ഓർക്കുമ്പോൾ അരൂരിലെ ആദ്യ വിദേശ കമ്പനിയും ഓർമയിലെത്തും
text_fieldsഅരൂർ മേഖലയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഗൗരിയമ്മക്ക് ഒപ്പം വി.എസ് എത്തിയപ്പോൾ (ഫയൽ)
അരൂർ: വി.എസ്. അച്യുതാനന്ദന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനത്തിൽ അരൂരും തട്ടകമായിരുന്നു. അരൂർ പുത്തനങ്ങാടിക്കടുത്ത് കൈതപ്പുഴ കായലോരത്ത് ഹോളണ്ടുകാരൻ 1950കളിൽ തുടങ്ങിയ പീര കമ്പനിയെന്ന് നാട്ടുകാർ വിളിക്കുന്ന തേങ്ങയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന കമ്പനിയാണ് പിന്നീട് മട്ടാഞ്ചേരി സ്വദേശി ഏറ്റെടുത്ത് കേരള ഫൈബർ കമ്പനി എന്ന പേരിൽ കയറുൽപ്പന്നങ്ങളുടെ വ്യവസായ സ്ഥാപനം തുടങ്ങിയത്.
തേങ്ങയുടെ ഉണക്കത്തൊണ്ട് യന്ത്രത്തിൽ ചതച്ച് ചകിരിയെടുത്ത് മെത്തകളും ട്രാൻസ്പോർട്ട് ബസിന്റെ സീറ്റുകളും ഉണ്ടാക്കുന്ന കമ്പനിയായിരുന്നു ഇത്. ഇവിടെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിരവധി തവണ വി.എസ് എത്തിയതും കമ്പനി പടിക്കൽ പ്രസംഗിച്ചതും 1970കളിൽ വരെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഓർക്കുന്നു. പിന്നീട് സി.പി.എം നേതാക്കളായി മാറിയ സി.എസ്. രാമകൃഷ്ണൻ, ടി.എ. കൃഷ്ണൻ, ടി.കെ. രാമൻ എന്നിവർ കമ്പനിയിലെ യൂനിയൻ നേതാക്കളായിരുന്നു. ഇവരെ കാണാനാണ് പലപ്പോഴും വി.എസ് എത്താറുണ്ടായിരുന്നത്. വ്യവസായ കേന്ദ്രത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുത്ത സമീപവാസികളുടെ പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഗൗരിയമ്മക്ക് ഒപ്പം വി.എസ് പങ്കുചേർന്നിരുന്നു.