വള്ളംകളി ട്രെൻഡ് മാറി; തുഴയെറിയുന്നത് സമൂഹമാധ്യമം
text_fieldsപായിപ്പാട് വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകവൃന്ദത്തെ വെല്ലുന്ന ഫാൻസുകാർ വള്ളംകളിക്കുമുണ്ട്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്, യു.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട് ക്ലബ്, വി.ബി.സി കൈനകരി തുടങ്ങിയ ക്ലബുകൾക്കും കാരിച്ചാൽ, ചമ്പക്കുളം, നടുഭാഗം, വീയപുരം തുടങ്ങിയ ചുണ്ടൻവള്ളങ്ങൾക്കും ഒട്ടേറെ ആരാധകരുണ്ട്. വള്ളത്തിന്റെ താളവും വേഗവും ആരാധകരുടെ ആവേശത്തിലാണ്.
അത് നിറയുന്നതാവട്ടെ സമൂഹമാധ്യമത്തിലും. ക്ലബുകാരുടെ ഫാൻസുകളും കരക്കാരും ചിത്രീകരിക്കുന്ന വിഡിയോ റീൽസ് തന്നെയാണ് ഇതിൽ പ്രധാനം. വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഹാൻഡിലുകളിലാണ് പ്രചാരണം കൊഴുക്കുന്നത്. ഇതിന് തുഴയെറിയാൻ വിവിധ ചുണ്ടൻവള്ളങ്ങളുടെ ഫാൻസുകാർ തമ്മിൽ മത്സരമാണ്. വൈറലായ പുതിയ പാട്ടിന്റെ ഈണത്തിൽ ആവേശം തീർക്കുന്ന റീൽസുകൾക്കാണ് വലിയ പിന്തുണയും പ്രോത്സാഹനവും. പാടത്തും വരമ്പത്തും ചായക്കടയിലുമിരുന്ന് സ്വന്തം വള്ളത്തിനായി വാദിച്ചിരുന്നവർപോലും സമൂഹമാധ്യമത്തിലേക്ക് ചേക്കേറിയതോടെ ചർച്ചകൾ കൂടുതൽ സജീവമായി. കരക്കാരുടെ വള്ളങ്ങൾ നീറ്റിലിറക്കുന്നത് മുതൽ പരിശീലനങ്ങളുടെ വിഡിയോകൾ വരെയാണ് നിറയുന്നത്. ഇതെല്ലാം വെറുതെ പോസ്റ്റുന്നതല്ല, വൈറലാകാൻ നല്ല കിടുക്കാച്ചി ഇൻട്രോയും സോങ്ങുമെല്ലാം ഉൾപ്പെടുത്തിയാണ് അവതരണം. ചിലത് സിനിമരംഗങ്ങളെപ്പോലും വെല്ലുന്നതാണ്. ഓരോ ക്ലബുകാർക്കും ഇതിനായി പ്രത്യേക പേജുകളുമുണ്ട്.
വാട്സ്ആപ്പിലും ഫേസ്ബുക്കിലും നിറയുന്ന വള്ളംകളി ഓളത്തിന് ചിത്രങ്ങൾ പകർത്താൻ ചില ക്ലബുകാർ കാമറമാൻമാരെയും നിയാഗിച്ചിട്ടുണ്ട്. ബി.ആർ.കെ, ഗ്രൂപ് എൻ.ടി.ബി.ആർ, കെ.സി.ബി.സി, ബി.ആർ.ജി, തുഴത്താളം, നയമ്പ്, ജലോത്സവം, വള്ളംകളി തുടങ്ങിയ ഫേസ്ബുക്കിലും തുഴത്താളത്തിന്റെ ആരവമാണ്.
നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ നിറയുന്ന പ്രചാരണ പോസ്റ്റുകൾ
വള്ളംകളിയോട് സിനിമക്കാർക്കും ഇഷ്ടം
ആരാധകൾ നെഞ്ചിലേറ്റിയതടക്കം നിരവധി ഗാനങ്ങളിലും മലയാള സിനിമകളിലും ‘വള്ളംകളി’ കഥയും കഥാപാത്രവുമായി എത്തിയിട്ടുണ്ട്. ഓണം പ്രമേയമാക്കി ശ്രീകുമാരൻ തമ്പി അവതരിപ്പിച്ച ‘‘പായിപ്പാട്ടാറ്റില് വള്ളം കളി... പമ്പാനദി തിരക്ക് ആർപ്പുവിളി, കാരിച്ചാൽ ചുണ്ടനും ആനാരിചുണ്ടനും കാവാലം ചുണ്ടനും... പോർ വിളിയിൽ ആ വലിയ ദിവാൻജിയും മുൻനിരയിൽ’’ എന്ന ഗാനം റീൽസിൽപോലും ഇടംപിടിച്ചിട്ടുണ്ട്. 1967ൽ പുറത്തിറങ്ങിയ സത്യൻ നായകനായ കാവാലം ചുണ്ടനിലൂടെയാണ് വള്ളംകളിക്കഥകൾ സജീവമായത്. ഹിന്ദി തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലെ സിനിമകളിൽ കുട്ടനാടും പരിസരവും ഉൾപ്പെടുന്ന വള്ളംകളി ഗാനരംഗങ്ങൾ ഏറെയുണ്ട്.
മമ്മൂട്ടി നായകനായ സംഘത്തിലും തച്ചിലേടത്ത് ചുണ്ടനിലെ ആലപ്പുഴ വാഴും.... എന്ന പാട്ടും ചമ്പക്കുളം തച്ചൻ സിനിമയിലെ ‘‘ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച പൊന്നാഞ്ഞിലി തോണിയോ’... ഗാനവും വള്ളംകളിയുടെ ആത്മാവും രസക്കൂട്ടും പേറുന്നവയാണ്. രജനീകാന്തും നയൻതാരയും പ്രധാന കഥാപാത്രമായ ‘കുചേലൻ’ സിനിമയുടെ ഗാനരംഗങ്ങൾ വള്ളംകളിയുടെ പശ്ചാത്തലത്തിലാണ്.
വള്ളംകളി ‘തത്സമയം’ ഗ്രൂപ് എൻ.ടി.ബി.ആർ
പ്രാദേശികമായി നടക്കുന്ന വള്ളംകളി മത്സരം ‘തത്സമയം’ ഒപ്പിയെടുത്ത് ആരവമുയർത്തുന്നതിൽ മുൻപന്തിയിലാണ് ഗ്രൂപ് എൻ.ടി.ബി.ആർ എന്ന ഫേസ്ബുക്ക് പേജ്. വള്ളംകളി പെരുമ ഉയർത്തുന്ന ‘ഓണക്കാലം’ ഇവർക്ക് വിശ്രമമില്ലാത്ത നാളുകളാണ്. ചെറുപ്പക്കാരായ ഒരുകൂട്ടം യുവാക്കൾ മുന്നിട്ടിറങ്ങിയ കൂട്ടായ്മക്ക് വള്ളംകളി സീസണിൽ മാത്രം രണ്ടുലക്ഷത്തിലേറെ ഫോളവേഴ്സുണ്ട്. ഒറ്റനോട്ടത്തിൽ വള്ളംകളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കൂട്ടായ്മയാണെന്ന് തോന്നും. നാട്ടുമ്പുറത്തെ ‘വള്ളംകളി വിശേഷങ്ങൾ’ അതേപടി പകർത്തുന്നതിൽ പ്രഫഷനുകളല്ലാത്ത 15 അംഗ ടീമിന്റെ സേവനസന്നദ്ധത കണ്ടുപഠിക്കണം. വള്ളംകളി വിനോദമല്ല, വികാരമാണെന്ന് തിരിച്ചറിഞ്ഞ് സ്വദേശത്തും വിദേശത്തുമുള്ളവർ ആശ്രയിക്കുന്ന പേജ്കൂടിയാണിത്.
2011ൽ വെള്ളംകുളങ്ങര സ്വദേശി അഭിഷേക് രാജനാണ് തുടക്കമിട്ടത്. 2014 മുതൽ പേജിന്റെ അഡ്മിനായി പ്രവർത്തിക്കുന്ന കരുവാറ്റ നിഖിൽഭവനം 37കാരനായ നിഖിൽ കാർത്തിയേകന്റെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന ടീം കൂട്ടായ്മയാണ് ‘ജലയുദ്ധം’ കാഴ്ചകൾ നയനമനോഹരമാക്കുന്നത്.
ചമ്പക്കുളം മൂലം വള്ളംകളി, പായിപ്പാട്, അപ്പർകുട്ടനാട് ജലോത്സവം, മാന്നാർ മഹാത്മ ജലോത്സവം, ചെന്നിത്തല സന്തോഷ് ട്രോഫി, നീരേറ്റുപുറം പമ്പാ ജലോത്സവം തുടങ്ങിയവ ഇപ്പോഴും ലൈവായി നൽകുന്നുണ്ട്. ചാമ്പ്യൻസ് ബോട്ട് ലീഗ് വരുന്നതിന് മുമ്പ് കല്ലട, കരുവാറ്റ, പുളിങ്കുന്ന് ജലോത്സവങ്ങളും ‘തത്സമയം’ ഫേസ്ബുക്ക് പേജിലൂടെ കാണിച്ചിരുന്നു. ഒരേസമയം 13,000-15,000 പേരാണ് വള്ളംകളി കാണുന്നത്. സീസണിൽ വ്യൂവേഴ്സിന്റെ എണ്ണം ലക്ഷങ്ങൾ കടക്കും.
സംഘത്തിലുള്ളവരിൽ ഭൂരിഭാഗവും കാര്യങ്ങൾ പ്രഫഷനലായി പഠിക്കാത്തവരാണ്. അതിനാൽ കാമറ ചലിപ്പിക്കുന്നത് മുതൽ ഹെലികാം പറത്തുന്നതുവരെയുള്ള കാര്യങ്ങൾ യൂട്യൂബിൽ നോക്കിയാണ് പഠിച്ചത്. മത്സരം ലൈവിന് ചെലവാകുന്ന തുക 35,000 രൂപയാണ്. മത്സരം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ കാമറയും മറ്റ് സംവിധാനങ്ങളുമായി 10 പേരുമുണ്ടാകും. ഹെലികാം വാടകക്ക് എടുക്കും. പ്രഫഷനൽ ടീമുകൾക്ക് കൊടുക്കുന്നതിനേക്കാൾ ചെലവ് കുറവായതിനാൽ സംഘാടകസമിതി നേരിട്ട് വിളിക്കാറുണ്ട്. അല്ലാത്തയിടത്ത് പരസ്യംപിടിച്ചാണ് വരുമാനം കണ്ടെത്തുന്നത്.