ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ; വീയപുരം ചുണ്ടന് അഞ്ചാം കിരീടം
text_fieldsപുളിങ്കുന്ന് പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാംസീസണിലെ അഞ്ചാം മത്സരത്തിൽ മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തുന്നു
ആലപ്പുഴ: പുളിങ്കുന്ന് പമ്പയാറ്റിലെ ഓളങ്ങൾക്ക് തീപിടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) അഞ്ചാം സീസണിലെ അഞ്ചാം മത്സരത്തിലും വീരുവിന്റെ ‘വിജയം’ വീരോചിതമായി. തുഴയെറിഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ ‘വീയപുരം ചുണ്ടൻ’ തുടർച്ചയായ അഞ്ചാംകീരീടത്തിൽ മുത്തമിട്ടു. കാണികളെ ത്രസിപ്പിച്ച ഫൈനലിൽ കണക്കുതീർക്കാൻ പോരിനിറങ്ങിയ പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ (പി.ബി.സി) മില്ലി മൈക്രോസെക്കൻഡിന് പിന്നിലാക്കിയാണ് വീയപുരം ചുണ്ടൻ (2:56:383) ഒന്നാമതെത്തിയത്. അവസാനലാപ്പിൽ ഫോട്ടോഫിനിഷിലൂടെയായിരുന്നു വിജയം. മില്ലി സെക്കൻഡറുകളുടെ വ്യത്യാസത്തിൽ (2:56:443) പി.ബി.സി തുഴഞ്ഞ മേൽപാടം ചുണ്ടൻ രണ്ടാമതെത്തി. പുന്നമട ബ്ലോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (2:57:819) മൂന്നാംസ്ഥാനംനേടി.
ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിലും തീപാറി. രണ്ടാംലൂസേഴ്സ് ഫൈനലിൽ ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പൻ ചുണ്ടൻ ഒന്നാമതെത്തി. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ രണ്ടും കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ മൂന്നും സ്ഥാനം നേടി. ഒന്നാം ലൂസേഴ്സ് ഫൈനലിൽ കുമരകം ടൗൺബോട്ട് ക്ലബിന്റെ പായിപ്പാട് ചുണ്ടൻ ഒന്നാമതെത്തി. തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് തുഴഞ്ഞ ചെറുതന ചുണ്ടൻ രണ്ടും ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നുംസ്ഥാനം നേടി.
പുളിങ്കുന്ന് പമ്പയാറ്റിൽ മൂന്ന് ഹീറ്റ്സുകളായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരിച്ചത്. ആവേശംവിതറിയ ഒന്നാംഹീറ്റ്സിൽ ഒന്നാംഹീറ്റ്സ് വി.ബി.സിയുടെ വീയപുരം ചുണ്ടൻ (03:03:880) ഒന്നാമതെത്തി. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (03:08:557) രണ്ടും തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന ചണ്ടൻ (03:31:172) മൂന്നുംസ്ഥാനംനേടി. രണ്ടാംഹീറ്റ്സിൽ ആധിപത്യം പുലർത്തിയ മേൽപാടം (03:01:316) ഒന്നാമതെത്തി. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പായിപ്പാടൻ ചുണ്ടൻ (03:22:572) രണ്ടും ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ (03:40:470) മൂന്നുംസ്ഥാനം നേടി.
മൂന്നാംഹീറ്റ്സിൽ നിരണത്തെ അട്ടിമറിച്ച് ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപറമ്പൻ ( 03:11:00 ) ഒന്നാമതെത്തി. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (03:12:00 ) രണ്ടും കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (03:18:00 ) മൂന്നുംസ്ഥാനം നേടി. ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡിൽ പുളിങ്കുന്ന് ടൗൺബോട്ട് ക്ലബ് തുഴഞ്ഞ പി.ജി. കർണൻ ഒന്നാംസ്ഥാനവും മങ്കൊമ്പ് ഫ്രണ്ട്സ് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ പല്ലന സിറ്റിബോട്ട് ക്ലബ് തുഴഞ്ഞ ദാനിയേലിന് ഒന്നാംസ്ഥാനവും ആനാരി പ്രതിഭ ബോട്ട് ക്ലബ് തുഴഞ്ഞ കുറുപ്പുപറമ്പൻ രണ്ടാംസ്ഥാനവും നേടി.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് പതാകഉയർത്തി. മത്സരത്തിന് മുന്നോടിയായി ചുണ്ടൻവള്ളങ്ങളുടെ മാസ്ഡ്രിൽ മുൻ എം.എൽ.എ സി.കെ. സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.കെ. ഷാജു, ആർ.കെ. കുറുപ്പ്, എസ്.എം. ഇക്ബാൽ, ഡോ. കെ.എസ്. അൻസാർ, ഫാ. ടോം പുത്തൻകളം തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് തോമസ് കെ.തോമസ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു.


