ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇന്ന് തുടക്കം
text_fieldsആലപ്പുഴ: ചുണ്ടൻ വള്ളങ്ങളുടെ പോരിന് കളമൊരുങ്ങുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) അഞ്ചാം സീസണിന് തുടക്കമിട്ട് ആദ്യമത്സരം വെള്ളിയാഴ്ച കൈനകരി പമ്പയാറ്റിൽ നടക്കും. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
ഉച്ചക്ക് 2.30ന് ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ നടക്കും. നെഹ്റുട്രോഫിയിൽ മികച്ച സമയം കുറിച്ച ഒമ്പത് ചുണ്ടൻവള്ളങ്ങളാണ് സി.ബി.എല്ലിൽ മത്സരിക്കുന്നത്. ടൂറിസം വകുപ്പ് അഡീ. ഡയറക്ടർ ശ്രീധന്യ സുരേഷ് മാസ്ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സംഘാടക സമിതി രൂപവത്കരിച്ചാണ് മത്സരം ഒരുക്കുന്നത്. യു.ബി.സി കൈനകരി മത്സരിക്കാൻ എത്താത്തതിന്റെ നിരാശയും നാട്ടുകാർക്കുണ്ട്. നെഹ്റുട്രോഫിയിൽ ലൂസേഴ്സ് ഫൈനൽ പോരിനിറങ്ങാതെ മാറിനിന്നതോടെയാണ് യു.ബി.സിക്ക് തിരിച്ചടിയായത്. നെഹ്റുട്രോഫി നഷ്ടമായതിന്റെ നിരാശയിൽ മേൽപാടം ചുണ്ടനിൽ എത്തുന്ന പി.ബി.സിക്ക് അവരുടെ ശക്തിതെളിയിക്കാനുള്ള വേദികൂടിയാണിത്.
സർക്കാർ സി.ബി.എല്ലിനായി മുടക്കുന്നത് 8.96 കോടിയാണ്. 14 മത്സരങ്ങളുള്ള സി.ബി.എൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. ജില്ലയിൽ മാത്രം അഞ്ച് മത്സരങ്ങളുണ്ട്. കൈനകരി, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം എന്നിവയാണത്. വാർത്തസമ്മേളനത്തിൽ എ.ഡി.എം ആശ സി. എബ്രഹാം, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. പ്രമോദ്, അംഗങ്ങളായ എ.ഡി. ആന്റണി, സി.എൽ. ലിജുമോൻ, ഡി. ലോനപ്പൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി അജേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫിസർ അഫ്സൽ യൂസുഫ് തുടങ്ങിയവർ പങ്കെടുത്തു.
പ്രഫഷനൽ തുഴക്കാരുടെ എണ്ണംകൂടി
ഇക്കുറി സി.ബി.എൽ അരങ്ങേറുന്നത് പുതിയമാനദണ്ഡങ്ങളോടെയാണ്. അതിൽ പ്രധാനം പ്രഫഷനൽ തുഴച്ചിലുകാർക്ക് നിയന്ത്രണമില്ലെന്നതാണ്. ഇത്തരം മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് സി.ബി.എൽ ടെക്നിക്കൽ കമ്മറ്റി യോഗം ചേർന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ വേണ്ടത്ര ചർച്ചനടത്താതെ ടൂറിസം വകുപ്പ് ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്ന് ആക്ഷേപമുണ്ട്. നെഹ്റുട്രോഫിയിൽ തുഴക്കാരുടെ എണ്ണം 25 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കി എത്രപേരെ വേണമെങ്കിലും ഉപയോഗിക്കാമെന്നതാണ് പുതിയ നിബന്ധന. ഈസീസൺ മുതൽ ഏത് തരത്തിലുള്ള തുഴവേണമെങ്കിലും ഉപയോഗിക്കാനും അനുവാദം നൽകുന്നുണ്ട്. നെഹ്റുട്രോഫിയിൽ പനത്തുഴ മാത്രമാണ് അനുവദിക്കുക. പുതിയ തീരുമാനങ്ങൾ അംഗങ്ങൾ അറിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.
പമ്പയാറ്റിൽ ആവേശത്തിര
കുട്ടനാട്ടിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യമത്സരം നടക്കുന്നതിന്റെ ആവേശത്തിലാണ് കൈനരിക്കാരും ജലോത്സവപ്രേമികളും. ഹോംഗ്രൗണ്ടിൽ നാട്ടുകാരായ യു.ബി.സി മത്സരിക്കാത്തതിൽ വള്ളംകളിപ്രേമികൾക്ക് നിരാശയുണ്ട്. എന്നാൽ, പുന്നമടയിൽ ഫൈനലിൽ പോരിനിറങ്ങിയ വീയപുരം, നടുഭാഗം, മേൽപാടം, നിരണം ചുണ്ടനുകൾ നേർക്കുനേർ വീണ്ടും പോരടിക്കുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന ആകാംക്ഷയിലാണിവർ. ഓരോ മത്സരത്തിലും ആദ്യസ്ഥാനക്കാർക്ക് അഞ്ച് ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് മൂന്ന്, മൂന്നാംസ്ഥാനക്കാർക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. ഇതിനൊപ്പം ഓരോമത്സരത്തിലും പങ്കെടുക്കുന്ന ഒമ്പത് വള്ളങ്ങൾക്കും നാലുലക്ഷം രൂപ വീതം ബോണസും ലഭിക്കും. ഇതിൽ ഒരുലക്ഷം രൂപ ചുണ്ടൻവള്ളങ്ങൾക്കും മൂന്നു ലക്ഷം രൂപ തുഴയുന്ന ക്ലബുകൾക്കുമാണ്.
കൈനകരി പഞ്ചായത്തിൽ ഇന്ന് അവധി
ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച പ്രാദേശികഅവധി അനുവദിച്ച് കലക്ടർ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
മത്സരിക്കുന്ന ചുണ്ടൻവള്ളങ്ങൾ
- വീയപുരം (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
- നടുഭാഗം (പുന്നമട ബോട്ട്ക്ലബ്)
- മേൽപാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
- നിരണം (നിരണം ബോട്ട് ക്ലബ്)
- പായിപ്പാടൻ (കുമരകം ടൗൺബോട്ട് ക്ലബ്)
- നടുവിലേപറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
- കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
- ചെറുതന (തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ്)
- ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)