വർക്ഷോപ്പിൽ തിളങ്ങി ചന്ദ്രിക
text_fieldsപിതാവ് മോഹൻദാസിനൊപ്പം വാഹന അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന മകൾ ചന്ദ്രിക
ചേർത്തല: ചേർത്തല ടൗണിൽ ചക്കരകുളത്ത് ഒരു വാഹന വർക്ഷോപ്പുണ്ട്. അവിടെ വാഹനവുമായെത്തിയാൽ എന്താണ് തകരാറെന്ന് ചോദിച്ച് എത്തുന്നത് ഒരു പെൺകുട്ടിയാണ്. തകരാർ പറഞ്ഞാൽ അവൾ സ്പാനറും ചുറ്റികയുമൊക്കെയായി പണി തുടങ്ങും. പെൺകുട്ടിയാണോ പണിയുന്നത് എന്ന് ശങ്കിച്ച് നെറ്റിചുളിച്ച് വാഹന ഉടമ നിന്നെന്നിരിക്കും. പക്ഷേ, തകരാർ ഭംഗിയായി പരിഹരിച്ചത് കാണുമ്പോൾ വാഹന ഉടമയുടെ മുഖത്ത് സംതൃപ്തിയുടെ ചിരിതെളിയും. ചന്ദ്രികയ്ക്കിത് ആത്മസമർപണത്തിന്റെയും ജീവിതലക്ഷ്യത്തിന്റെയും നേർവഴിയാണ്. തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് മേലാക്ഷിവെളിയിൽ മോഹൻദാസിന്റെയും പുഷ്പകുമാരിയുടെയും ഇളയ മകളായ ചന്ദ്രിക പിതാവിന്റെ തൊഴിലിനെ പിന്തുടർന്നാണ് വർക്ഷോപ് മേസ്തിരിയായത്. വർക്ഷോപ്പ് ജോലികൾ ആണുങ്ങളുടെ കുത്തകയല്ലെന്ന് തെളിയിക്കുകയാണ് ഈ 26 കാരി. കുഞ്ഞുനാൾ മുതൽ അച്ഛൻ മോഹൻദാസിന്റെ കൂടെ വർക്ഷോപ്പിൽ പോവുകയും പിതാവിനൊപ്പം സ്ഥിരം സഹായിയുമായിരുന്നു.
എൻജിൻ ജോലികൾ ഒഴികെ മറ്റെല്ലാം ചന്ദ്രികയുടെ കൈകളിൽ സുരക്ഷിതമാണെന്ന് വരുന്നവർക്ക് ചന്ദ്രികയുടെ ജോലി കാണുമ്പോൾ ബോധ്യമാകും. ചിലർ വാഹനങ്ങളുമായി എത്തുമ്പോൾ അത്ഭുതത്തോടെ നോക്കുമെങ്കിലും ചന്ദ്രിക അതൊന്നും ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകും.ഈ കാലത്ത് സ്ത്രീകൾ കടന്നു വരാത്ത മേഖലകളില്ല, പിന്നെന്തിന് മാറി നിൽക്കണമെന്നാണ് ചന്ദ്രികയുടെ ചോദ്യം. കുറേ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതെല്ലാം മുന്നോട്ടു പോകാനുള്ള പ്രചോദനമായിരുന്നു. അച്ഛനും അമ്മയും പിന്തുണയുമായി കൂടെയുള്ളപ്പോൾ ഒന്നും പേടിക്കാനില്ലെന്നും ചന്ദ്രിക പറയുന്നു. മുത്തച്ഛനിൽ നിന്ന് അച്ഛനിലേയ്ക്കും അവിടെനിന്ന് ചന്ദ്രികയിലേക്കും പാരമ്പര്യമായി കിട്ടിയതാണ് വാഹന മെക്കാനിക് പണി. അതെ കുറിച്ച് ആധികാരികമായി പഠിക്കണമെന്ന മോഹം കുട്ടിക്കാലം മുതലേ മനസ്സിൽ ഇടം നേടി.
മുത്തച്ഛൻ രാഘവനാചാരി ദേശീയപാതയിൽ മതിലകം ആശുപത്രിക്ക് സമീപമായിരുന്നു വർക്ഷോപ്പ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം പിതാവ് മോഹൻദാസാണ് സ്ഥാപനം നടത്തിയിരുന്നത്. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപനം നഷ്ടപ്പെട്ടതിനാൽ പിന്നീട് വീടിനോട് ചേർന്നായി. ഇതോടെ ചന്ദ്രികയ്ക്ക് മുഴുവൻ സമയവും ജോലികളിൽ മുഴുകാനായി.
ഏക പെൺതരി
ബിരുദ പഠനത്തിനുശേഷം 2022ൽ പള്ളിപ്പുറം ഐ.ടി കോളേജിലും, തുടർ പഠനത്തിനായി ആലപ്പുഴ കാർമൽ എൻജിനീയറിങ് കോളേജിൽ ഓട്ടോമൊബൈൽ ഡിപ്ലോമ പഠനത്തിലും ചേർന്നു. പാരമ്പര്യ പഠനത്തേക്കാളുപരി ആധുനിക ആഡംബര വാഹനങ്ങളെ കുറിച്ചും ആധികാരികമായി അറിയാനാണ് പോളിടെക്നിക്കിൽ ഡീസൽ മെക്കാനിക് പഠിക്കാൻ തുടങ്ങിയത്. 62 വിദ്യാർഥികളുള്ള ക്ലാസിൽ ഒരേ ഒരു പെൺസാന്നിധ്യം ചന്ദ്രിക മാത്രമായിരുന്നു.
അതുകൊണ്ട് തന്നെ അധ്യാപകർക്ക് ഏറ്റവും സ്നേഹമുള്ള വിദ്യാർത്ഥിനിയായി മാറി. ഇപ്പോൾ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഈ മേഖലയിൽ കൂടുതലും പുരുഷന്മാരാണെങ്കിലും മകളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കുകയാണ് അച്ഛൻ മോഹൻദാസും. ആൺമക്കളില്ലാത്ത തനിക്ക് വർക്ഷോപ്പ് ഇനി എത്ര നാൾ നടത്തി ക്കൊണ്ട് പോകാനാകും എന്നതിന്റെ ഉത്തരമാണ് ചന്ദ്രികയെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ ചിത്രരചനയും സംഗീതവും ചന്ദ്രികയ്ക്ക് കൈ മുതലായുണ്ട്.
എൻജിൻ പണി ഒഴികെയുള്ള എയർ ഫിൽറ്റർ, ബ്രേക്ക് പാഡ്, എൻജിൻ ഓയിൽ മാറ്റം, ഓയിൽ ഫിൽറ്റർ, ഗ്രീസ് വർക്ക്, ഗ്രീസ് ടയർ എന്നിങ്ങനെ ടെക്നിക്കൽ കാര്യങ്ങളെല്ലാം ചെയ്യും. പഠിത്തത്തിന്റെ ഭാഗമായി ഒരു മാസത്തോളം തുമ്പോളി ഹോണ്ട ഷോറൂമിലും പരിശീലനത്തിന് ചേർന്നു. ഇരുചക്ര- നാലു ചക്ര ലൈസൻസുകൾ നിലവിൽ ഉണ്ടെങ്കിലും ഹെവി വാഹനങ്ങളുടെ ലൈസൻസ് എടുക്കാനും ആഗ്രഹമുണ്ട്. ട്രെയിനിലെ ലോക്കോപൈലറ്റ് ജോലിക്കാണ് മുന്തിയ പരിഗണനയെന്ന് ചന്ദ്രിക പറയുന്നു. എന്നിരുന്നാലും പാരമ്പര്യമായി കിട്ടിയ വർക്ഷോപ്പ് നിലനിർത്താനാണ് താൽപര്യം.


