അമ്പത്തഞ്ചിലും ബാല്യത്തിന്റെ എഴുത്ത്; ബാലസാഹിത്യരംഗത്ത് മൂന്നരപതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ചന്തിരൂർ താഹ
text_fieldsഅരൂർ: ബാലസാഹിത്യരംഗത്ത് മൂന്നരപതിറ്റാണ്ട് പിന്നിട്ട് ചന്തിരൂർ താഹ. 16ാംവയസ്സിൽ പുരാണത്തിലെ ചില ആശയം ഉൾക്കൊണ്ട് ‘തത്തമ്മ’കുട്ടികളുടെ മാസികയിൽ കഥകൾ എഴുതിയായിരുന്നു തുടക്കം. അതിന്റെ എഡിറ്റർ നീലംപേരൂർ മധുസൂദനൻ സാറിന്റെ പ്രോത്സാഹനം കുറച്ചൊന്നുമല്ല എഴുത്തിനെ സഹായിച്ചത്.
പിന്നീട് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ച തേക്കിൻകാട് ജോസഫ് എഡിറ്ററായുള്ള കുട്ടികളുടെ ദീപികയിൽ നിരന്തരം കഥകളും കവിതകളും അച്ചടിച്ചുവന്നു. 55ൽ എത്തിനിൽക്കുമ്പോഴും താഹ കുട്ടികൾക്കുവേണ്ടി എഴുതാനുള്ള നിഷ്കളങ്കതയുടെ നിറവിലാണ്. ഇതിനിടെ ആനുകാലികങ്ങളിലും മിനിമാസികകളിലും ഒട്ടേറെ മിനിക്കഥകൾ എഴുതി. കഥകൾ, ബാലനോവൽ, ബാലകഥകൾ, ബാലകവിതകൾ വിഭാഗങ്ങളിൽ 25 പുസ്തകങ്ങൾ പുറത്തിറക്കി.
ആകാശവാണി നിലയങ്ങളിലൂടെ കഥകളും ലളിതഗാനങ്ങളും പ്രക്ഷേപണം ചെയ്യുകയും ബാലരംഗത്തിൽ കുട്ടികളുമൊത്ത് കവിതകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2011ലെ ശ്രീബുദ്ധ അവാർഡ്, നാഷനൽ ഫെലോഷിപ്, 2012ലെ ബോധി പുരസ്കാരം, 2017ലെ ഗോൾഡൻ ജോക്സ് ബുക്സ് മിനിക്കഥ പുരസ്കാരം, 2019ലെ നുറുങ്ങ് മിനിക്കഥ പുരസ്കാരം, 2020 ലെ കൊഴുന്തിൽ കണ്ണൻ സ്മാരക കഥ പുരസ്കാരം, 2022ലെ പിറവി മിനിക്കഥ പുരസ്കാരം, 2023ലെ സാക്ഷി ബാലസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു.
കുട്ടിക്കഥകളും കവിതകളും ഇംഗ്ലീഷ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചേർത്തല താലൂക്കിലെ ചന്തിരൂരിൽ കുഞ്ഞുമുഹമ്മദിന്റെയും ഹവ്വാ ഉമ്മയുടെയും മകനണാണ്. നിലവിൽ സീ ഫുഡ് കമ്പനിയിൽ സൂപ്പർവൈസറാണ്. ഭാര്യ: റൈഹാനത്ത്. മകൾ: ഹന ഫാത്തിമ.