സാക്ഷി പറഞ്ഞ വയോധികനെ കൊലപ്പെടുത്താൻ ശ്രമം; കൊലക്കേസ് പ്രതി അറസ്റ്റിൽ
text_fieldsസിനിൽ രാജ്
ചാരുംമൂട്: താമരക്കുളത്ത് വേണുഗോപാൽ കൊലക്കേസിൽ സാക്ഷി പറഞ്ഞ വയോധികനെ കൊലപ്പെടുത്താൻ ശ്രമം. കൊലക്കേസ് പ്രതി അറസ്റ്റിൽ. താമരക്കുളം കിഴക്കുംമുറി സിനിൽ ഭവനം വീട്ടിൽ സിനിൽരാജിനെയാണ് (41) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയയാളാണ് സിനിൽ രാജ്. 2007ലെ വേണുഗോപാൽ കൊലക്കേസിൽ മാവേലിക്കര അഡീഷനൽ ജില്ല കോടതിയിൽ വിചാരണ നടത്തിയ സമയം തനിക്കെതിരെ സാക്ഷി പറഞ്ഞ വിരോധത്തിൽ കുഞ്ഞുമുഹമ്മദ് റാവുത്തറിനെ (76) തടഞ്ഞുനിർത്തി കൈയിലിരുന്ന ഊന്നുവടി പിടിച്ചുവാങ്ങി തലക്കും മറ്റും അടിച്ചു പരിക്കേൽപിച്ചു. ഡിസംബർ 24ന് വൈകീട്ട് ആറിനാണ് സംഭവം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുഞ്ഞുമുഹമ്മദ് റാവുത്തർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആക്രമണ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞു. അവിടെ പൊലീസ് എത്തുന്നതിനു മുമ്പ് കേരളത്തിലേക്കു കടന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കുണ്ടറ കേരളപുരം ഭാഗത്തെത്തിയപ്പോഴാണ് നൂറനാട് പൊലീസ് സബ് ഇൻസ്പെക്ടർ എസ്. നിതീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പ്രതിയെ കീഴടക്കിയത്.
കൊലപാതകം, സ്ത്രീകളെ ആക്രമിക്കൽ, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവ ഉൾപ്പെടെ നൂറനാട്, ശൂരനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് സിനിൽ രാജ്. വേണുഗോപാൽ വധക്കേസിൽ മാവേലിക്കര അഡീഷനൽ ജില്ല കോടതി 2022ലാണ് സിനിൽ രാജിനെയും കൂട്ടുപ്രതി അനിലിനെയും (കിണ്ടൻ) ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. കായംകുളം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട മാങ്ങാണ്ടി ഷമീർ ഉൾപ്പെടെയുള്ള സംഘത്തിലെ അംഗമാണ് ഇയാൾ.