ഫുട്ബാളിൽ പ്രതീക്ഷയായി ഗണപതി ബി. പ്രസാദ്
text_fieldsഗണപതി ബി. പ്രസാദ്
ചാരുംമൂട്: കേരള പ്രീമയർ ലീഗ് ഫൈനലിൽ കിരീടം നേടിയ ഗോകുലം എഫ്.സി ടീമിൽ ചാരുംമൂട് ചുനക്കര സ്വദേശി ഗണപതി ബി. പ്രസാദും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലം എഫ്.സി, കെ.എസ്.ഇ.ബിയെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാംതവണയാണ് ഗോകുലം കിരീടം നേടുന്നത്. എഫ്.സി കോവളം, കൊൽക്കത്തയിലെ അഡമാസ് യൂനിവേഴ്സിറ്റി, കണ്ണൂർ ബ്രദേഴ്സ് ക്ലബ്, കണ്ണൂർ യൂനിവേഴ്സിറ്റി, ചാരുംമൂട് ബ്രദേഴ്സ് ക്ലബ്, ചുനക്കര ചൈത്രം എന്നീ ക്ലബുകൾക്ക്വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഗണപതി കഴിഞ്ഞവർഷം ഡൽഹിയിൽ നടന്ന നാഷനൽ യൂനിവേഴ്സിറ്റി ഫുട്ബാൾ ടൂർണമെന്റിൽ റണ്ണർ അപ് കിരീടം നേടിയിരുന്നു. ചുനക്കര ചെറുപുഷ്പ ബഥനി, ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച ഗണപതി നിലവിൽ കണ്ണൂർ സർവകലാശാല ഫുട്ബാൾ ടീമിൽ അംഗവും കണ്ണൂർ ശ്രീനാരായണ കോളജിൽ എം.കോം വിദ്യാർഥിയുമാണ്. ചുനക്കര കിഴക്കുംമുറി ബീന ഭവനത്തിൽ കാർട്ടൂണിസ്റ്റ് ഉമയനല്ലൂർ പ്രസാദിന്റെയും റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ബീനാകുമാരിയുടേയും മകനാണ്. ആർക്കിടെക്റ്റ് കൈലാസ് സഹോദരനാണ്.


