കൊല്ലം–തേനി ദേശീയപാത; നാലുവരിപ്പാതക്ക് സാധ്യത
text_fieldsചാരുംമൂട്: കൊല്ലം-തേനി ദേശീയപാത (എൻ.എച്ച് 183) 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയാക്കാൻ സാധ്യതയൊരുങ്ങുന്നു. വീതി 24 മീറ്ററിൽ തന്നെ വേണമെന്ന് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ കർശന നിലപാടെടുത്തു.
കൊല്ലം ഹൈസ്കൂൾ ജങ്ഷനിലാണ് പാതയുടെ തുടക്കം. തൃക്കടവൂർ, അഞ്ചാലുംമൂട്, പെരിനാട്, കിഴക്കേ കല്ലട, ഭരണിക്കാവ്, ആനയടി, താമരക്കുളം, ചാരുംമൂട്, മാങ്കാംകുഴി, കൊല്ലകടവ്, ആഞ്ഞിലിമൂട്, ചെങ്ങന്നൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കുട്ടിക്കാനം, വണ്ടിപ്പെരിയാർ, കുമളി വഴിയാണ് തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്നത്. തുടർന്ന് കമ്പം, ഉത്തമപാളയം വഴി തേനിയിൽ എത്തുന്നതാണ് റോഡ്. കൊല്ലം തൃക്കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഏകദേശം 54 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത.
നിലവിലെ എട്ട് മീറ്റർ വീതിയുള്ള പാതയില്‍തന്നെ 16 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന നിലപാടാണ് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഐകകണ്ഠ്യേന സ്വീകരിച്ചത്. ഇത് സാധ്യമല്ലെങ്കില്‍ മാത്രം 24 മീറ്റര്‍ വീതിയില്‍ ബൈപാസോടെയുള്ള വികസനം പരിശോധിക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ, കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പിന്റെ മാനദണ്ഡപ്രകാരം നിലവിലെ റോഡിൽ കൂടെയുള്ള വാഹന ഗതാഗതം പതിനായിരത്തിന് മുകളിൽ ആയതിനാൽ വികസിപ്പിക്കുന്നെങ്കിൽ 24 മീറ്റർ വീതിയിലാകണം എന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കുകയായിരുന്നു.
കൊല്ലം ഹൈസ്കൂള്‍ ജങ്ഷന് മുതല്‍ കടവൂര്‍ ഒറ്റയ്ക്കല്‍ വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക അലൈന്മെന്റ് പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ റോഡ് 24 മീറ്ററിലാകും വികസിപ്പിക്കുക. ഒറ്റക്കൽ മുതൽ പെരിനാട് റെയിൽവേ മേൽപാലം വരെയും 24 മീറ്ററാകും വീതി. ജനവാസ മേഖലകളും ആരാധനാലയങ്ങളും പട്ടികജാതി ഉന്നതികള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴിവാക്കി നിലവിലുള്ള ബൈപാസ് ഓപ്ഷനില്‍ മാറ്റം വരുത്തിയുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കാനും തീരുമാനമുണ്ട്.
നാലുവരി, രണ്ടുവരി പാതകളുടെ സാധ്യതകൾ നോക്കി വെള്ളിയാഴ്ച ചേർന്ന കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം എടുക്കാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കമുള്ളവർ റോഡ് 16 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചു. കൊല്ലം പെരിനാടുനിന്ന് 24 മീറ്റർ വീതിയിൽ ബൈപാസ് റോഡ് ഭരണിക്കാവ് ഊക്കൻമുക്കിലേക്ക് പുതുതായി നിർമിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നിലവിൽ അലൈൻമെന്റ് കടന്നുപോകുന്ന മുട്ടം പ്രദേശത്തെ ഒഴിവാക്കി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി നഗറുകൾ എന്നിവക്ക് നാശനഷ്ടം ഉണ്ടാകാത്ത വിധത്തിലും ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലേക്ക് അലൈൻമെന്റ് പുനർനിർണയിക്കണമെന്നും ജില്ലയിൽ റോഡ് കടന്നുപോകുന്ന ഭാഗത്തുള്ള ജനപ്രതിനിധികളുടെ യോഗം കലക്ടറുടെ അധ്യക്ഷതയിൽ വിളിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.