ചെലവ് 2000 കോടി; കൊല്ലം-തേനി ദേശീയപാത നാലുവരിയാകും
text_fieldsചാരുംമൂട്: കൊല്ലം-തേനി ദേശീയപാത (എൻ.എച്ച്- 183) നാലുവരി പാതയാകും. ആകെ ചെലവ് 2000 കോടി രൂപ. നാലുവരി പാതയുടെ വീതി 24 മീറ്ററായിരിക്കും. കൊല്ലത്ത് ചേർന്ന കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ നിർദേശങ്ങൾ.
കൊല്ലം ഹൈസ്കൂൾ ജങ്ഷനിലാണ് പാതയുടെ തുടക്കം. കൊല്ലം തൃക്കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ ഏകദേശം 54 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത. ദേശീയ പാതയുടെ ആദ്യ ഘട്ടം സ്ഥലം ഏറ്റെടുക്കുന്നതിനായി 500 കോടി രൂപ അനുവദിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം 30 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കേണ്ടതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 24 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുമെന്നാണ് കേന്ദ്ര നിലപാട്. ഡിവൈഡർ ഉൾപ്പെടെയാണിത്. പുതിയ പാതയിൽ കുറഞ്ഞ വേഗം 80 കിലോമീറ്ററായി നിലനിർത്തേണ്ടതിനാൽ 24 മീറ്റർ വീതി റോഡിന് അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
കൊല്ലത്തെ യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം യോജിച്ചെങ്കിലും വിശദ പഠനം നടത്തിയ ശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി നിർദേശിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും മതിയായ പുനരധിവാസ പദ്ധതി തയാറാക്കണമെന്നും പറഞ്ഞു.
കൂടുതൽ ചർച്ചകൾ നവംബർ 22ന് ചേരുന്ന യോഗത്തിൽ നടക്കും. ഇതിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. യോഗ ശേഷം ഭൂമി ഏറ്റെടുക്കലിന്റെ നടപടികൾ ‘ഭൂരാശി’ പോർട്ടലിൽ പ്രസിദ്ധീകരിക്കും. തുടർന്ന് സംയുക്ത സ്ഥലപരിശോധനയും സർവേ നമ്പർ പരിശോധനയും നടക്കും. പാത നാലുവരിയാകുമ്പോൾ ചെലവും ഒഴിപ്പിക്കേണ്ടിവരുന്ന വീടുകളുടെ എണ്ണവും ഇരട്ടിയിലേറെയാകും. നഷ്ടപരിഹാരത്തുകയും കൂടും.
രണ്ടുവരിപ്പാതയാണെങ്കിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ 172.08 കോടിയാണ് ചെലവ് കണക്കാക്കിയത്. ഒഴിപ്പിക്കേണ്ടത് 1,763 കെട്ടിടങ്ങൾ. നഷ്ടപരിഹാരത്തിന് ചെലവ് 95.2 കോടി. നാലുവരിയാകുമ്പോൾ 3,500 കെട്ടിടങ്ങൾ പൊളിക്കണം. 300 കോടിയോളം ഇതിന് അധികമായി വേണ്ടിവരും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിലവിലുള്ള റോഡിന്റെ നീളം 62.1 കിലോമീറ്ററാണ്. വികസനം പൂർത്തിയാകുമ്പോൾ ഇത് 60.9 ആകും.
ആലപ്പുഴ ജില്ലയിൽ റവന്യു പുറമ്പോക്ക് കൂടുതലുള്ളതിനാൽ ഏറ്റെടുക്കേണ്ട സ്വകാര്യഭൂമിയുടെ അളവ് താരതമ്യേന കുറവായിരിക്കുമെന്നാണ് സർവേയിലെ നിഗമനം. 13 പ്രധാന ജങ്ഷനുകളും 20 ചെറിയ ജങ്ഷനുകളും കടന്നാണ് പാത പോകുന്നത്. ചെറുതും വലുതുമായി 371 വളവുകളാണ് ഉള്ളത്. കൊടുംവളവുകൾ നിവർത്തിയും ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കിയും ഗ്രേഡിങ് വർധിപ്പിച്ചും കയറ്റിറക്കങ്ങൾ പരമാവധി ഒഴിവാക്കിയും നിലവിലുള്ളതിനേക്കാൾ ഉയർത്തിയുമാകും ദേശീയപാത നിർമിക്കുന്നത്.