58 വോട്ടർമാർക്കു വേണ്ടി ഒരു ബൂത്ത്
text_fieldsനൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനെത്തിയ അന്തേവാസിയായ വയോധിക
ചാരുംമൂട്: ജില്ലയിൽ 58 വോട്ടർമാർക്കുവേണ്ടി ഒരു ബൂത്ത് പ്രവർത്തിച്ചു. നൂറനാട് ലപ്രസി സാനിട്ടോറിയത്തിലുള്ള താമരക്കുളം പഞ്ചായത്തിലെ 177 ാം നമ്പർ ബൂത്താണിത്.
രാജഭരണകാലത്ത് കുഷ്ഠരോഗം ബാധിച്ചവരെ താമസിപ്പിച്ച് ചികിത്സിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണിത്. അക്കാലത്തുതന്നെ നിർമിക്കപ്പെട്ട നഴ്സിങ് റൂം കെട്ടിടമാണ് പോളിങ് സ്റ്റേഷനായി പ്രവർത്തിച്ചുവരുന്നത്. മുമ്പ് സ്ത്രീകളടക്കം 1200 ഓളം അന്തേവാസികൾ വരെ ഇവിടെ വോട്ടർമാരായി ഉണ്ടായിരുന്നു. കാലക്രമത്തിൽ അന്തേവാസികളുടെ എണ്ണം കുറഞ്ഞ് 58 ൽ എത്തിനിൽക്കുകയാണ്.
ഭിന്നശേഷിക്കാരായ ഭൂരിഭാഗം അന്തേവാസികൾക്കും സ്വയമെത്താൻ കഴിയാത്തതിനാൽ തടികൊണ്ടുള്ള ഉരുട്ടുവണ്ടികളിലാണ് പോളിങ് ബൂത്തിൽ കൊണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഓട്ടോയിലാണ് അവരെ എത്തിക്കുന്നത്. നേരത്തെ ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നെങ്കിലും ഇടക്ക് നിരോധിച്ചിരുന്നു. തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്തേവാസികൾ പറയുന്നു. 58 വോട്ടർമാരിൽ 49 പേർ വോട്ടുചെയ്തതായാണ് വിവരം. ഇതിൽ ബൂത്തിലെത്താൻ കഴിയാത്ത ആറുപേരുടെ വോട്ടുകൾ അവരുടെ അടുത്തെത്തിയാണ് രേഖപ്പെടുത്തിയത്.


