ശുഭാംശു ശുക്ലയുമായി സംവദിച്ച് വിദ്യാർഥികൾ
text_fieldsശുഭാംശു ശുക്ല, നിഹാൽ എൻ. ഇസ്മായിൽ, നിള
ചാരുംമൂട്: ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി റിയൽ ടൈം ഇൻ്ററാക്ഷൻ നടത്തി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി നിഹാൽ എൻ. ഇസ്മായിൽ. ഐ. എസ്.ആർ.ഒയുടെ സ്റ്റുഡൻ്റ് ഔട്ട് റീച്ച് പ്രോഗ്രാം ഭാഗമായി തിരുവനന്തപുരം വി.എസ്.എസ്.സി സംഘടിപ്പിച്ചതായിരുന്നു പരിപാടി.
ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ബഹിരാകാശ യാത്രികനും ആക്സസിയം 4 ദൗത്യത്തിന്റെ മിഷൻ പൈലറ്റും ആയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായുള്ള പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങിയ സംഘത്തിലാണ് നിഹാലിനും പങ്കാളിയാകാനുള്ള ഭാഗ്യം ലഭിച്ചത്.
ടെക്നിക്കൽ ടേക്കിൽ സ്പയ്സ് ടെക്നോളജിയുടെ അടിസ്ഥാന തത്വങ്ങൾ, മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ബഹിരാകാശ ദൗത്യം തുടങ്ങിയവ സംബന്ധിച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ വിശദമാക്കി. വലിയഴീക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഇലിപ്പക്കുളം പൂയപ്പള്ളിതറയിൽ ഇ.നിയാസിന്റെയും മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷൻ സീനിയർ അസിസ്റ്റന്റായ ഹസീനയുടെയും മകനാണ് നിഹാൽ.
ചാരുംമൂട്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുമായി സംവദിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ചത്തിയറ വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിനി നിള. ബഹിരാകാശ നിലയത്തിൽ നിന്നും ഹാം റേഡിയോ വഴിയാണ് ശുഭാംശു കുട്ടികളുമായി സംസാരിച്ചത്.
കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾക്ക് പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബഹിരാകാശ സഞ്ചാരിയുമായി നേരിട്ടു സംവദിക്കാൻ അവസരമൊരുക്കിയത്. പൊതുവിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. താമരക്കുളം നെടിയത്ത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഡിസൈനറായ ദിലീപിന്റെയും സീമയുടെയും മകളാണ് നിള.