രാസലഹരി: മുഖ്യസൂത്രധാരന്‍ പിടിയില്‍
text_fieldsസൂര്യ നാരായണൻ
ചാരുംമൂട്: പാലമൂട് ജങ്ഷനില്‍ രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിലായ കേസിൽ സൂത്രധാരൻ പിടിയിൽ. കായംകുളം ചേരാവള്ളി കൊല്ലകയില്‍ വീട്ടില്‍ സഞ്ജു എന്ന സൂര്യനാരായണനാണ് (23) പിടിയിലായത്. കേസിൽ കായംകുളം സ്വദേശികളായ പ്രശാന്ത്, അഖില്‍ അജയന് എന്നിവരെയാണ് നൂറനാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കായംകുളത്തെ ഒളിത്താവളത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 2022 മുതല്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ അടിപിടി, ദേഹോപദ്രവം, കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെ നിരവധി കേസുകളില്‍ ഇയാൾ പ്രതിയാണെന്നും ചേരാവള്ളി കേന്ദ്രീകരിച്ച് ഗുണ്ടാസംഘമുണ്ടെന്നും പൊലീസ് പറഞ്ഞു.
രണ്ടു മാസം മുമ്പ് ഇയാളുള്‍പ്പെടെ ആറു ഗുണ്ടകളെ കായംകുളം പൊലീസ് ആറ് ഗ്രാം ചരസ് സഹിതം പിടികൂടിയിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. ശരത്, അഖില്‍ മുരളി, കെ. കലേഷ്, എസ്. ജംഷാദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി.